തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ ചുമതയേറ്റെടുക്കൽ ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമെന്നാരോപിച്ച് കേസെടുത്ത നടപടി തരംതാണ രാഷ്ട്രീയ നാടകവും നാലാംകിട ഗിമ്മിക്കുമാണെന്ന് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. പ്രവർത്തകരും നേതാക്കളും മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കകയും സാമൂഹ്യ അകലം പാലിച്ച് സമ്മേളന സ്ഥലം സജ്ജീകരിച്ചതും കണ്ടില്ലെന്നു നടിച്ച് പൊലീസിന് തോന്നിയതുപോലെ കേസെടുത്തു. അധികാരമേൽക്കും മുമ്പ് മുഖ്യമന്ത്രിയടക്കമുള്ള നിയുക്ത മന്ത്രിമാർ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ദിവസമുണ്ടായ ആൾക്കൂട്ടവും, വിജയാഘോഷത്തിന്റെ ഭാഗമായി പിണറായി ഉൾപ്പെടെയുള്ളവർ കൂട്ടം കൂടി കേക്ക് മുറിച്ചപ്പോഴും പൊലീസ് കേസെടുത്തില്ല. പൊലീസിന് ആർജ്ജവമുണ്ടെങ്കിൽ പക്ഷപാതിത്വമില്ലാതെ നീതി നടപ്പാക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.