മലയിൻകീഴ്: മൂക്കുന്നിമലയിൽ സ്വകാര്യവ്യക്തി നൽകിയ സ്ഥലത്ത് പള്ളിച്ചൽ പഞ്ചായത്ത് താത്കാലികമായി നിർമ്മിച്ച പൊതുശ്‌മശാനത്തിൽ ഇന്നലെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായെത്തിയ പ്രദേശവാസികൾ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികയെ തടഞ്ഞുവച്ചു.
കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മലയം സാം ടി. കോട്ടേജിൽ ടി. ബിനുതോമസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് താത്കാലിക ശ്മശാനത്തിനായി വിളവൂർക്കൽ, പള്ളിച്ചൽ പഞ്ചായത്തുകൾക്ക് 20 സെന്റ് വീതം സ്ഥലം വിട്ടുനൽകിയത്.
വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് ക്രിമിറ്റോറിയം, ടോയ്‌ലെറ്റ് ഉൾപ്പടെയുള്ളവ നിർമ്മിച്ച് ശ്മശാനത്തിന്റെ താക്കോൾ കൈമാറിയെങ്കിലും തർക്കത്തെ തുടർന്ന് മൃതദേഹം സംസ്കരിക്കുന്നത് 23ലേക്ക് മാറ്റിയിരുന്നു. എന്നാൽ പള്ളിച്ചൽ പഞ്ചായത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് നാലുപേരെ ഒരേസമയം സംസ്കരിക്കുന്നതിനുള്ള ക്രിമിറ്റോറിയം നിർമ്മിച്ചു. ഇന്നലെ രാവിലെ ഐ.ബി. സതീഷ് എം.എൽ.എയാണ് ഉദ്ഘാടനം നിർവഹിച്ചത്. പിന്നാലെയാണ് മൃതദേഹം സംസ്‌കരിച്ചത്.
സംസ്കാരം കഴിഞ്ഞ ശേഷമാണ് പ്രദേശവാസികൾ വിവരമറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയവർ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക ഉൾപ്പെടെയുള്ളവരെ തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് ശ്മശാനം തയ്യാറാക്കിയതെന്ന് പ്രസിഡന്റ് ടി. മല്ലിക പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി ശ്മശാനത്തിനെതിരെ സമീപവാസികളിൽ ചിലർ കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ തീർപ്പ് ഉണ്ടാകുന്നതുവരെ ശ്മശാനം പ്രവർത്തിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മൂന്ന് മാസത്തേക്കാണ് ശ്മശാനത്തിന് അനുമതിയെന്നും കോടതി വിധിവന്നതിനുശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞ് നരുവാമൂട്, നേമം, മലയിൻകീഴ് സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.