തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ഇതര ചികിത്സയ്ക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി വീണാജോർജ് നിർദ്ദേശം നൽകി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ശേഷമാണ് മന്ത്രി ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. കൂടാതെ മെഡിക്കൽ കോളേജിൽ പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമാകണമെന്നും കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിന് മുന്നൊരുക്കങ്ങൾ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. 110 കിടക്കകളുള്ള ഐ.സി.യുവിൽ 50 കിടക്കകൾ സജ്ജീകരിച്ചെങ്കിലും 10 ദിവസത്തിനകം ബാക്കിയുള്ള 60 കിടക്കകൾ കൂടി സജ്ജമാക്കണം. ആശുപത്രികൾക്കാവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിലവിലെ സ്റ്റോക്ക്, ഒരു മാസം ആവശ്യമായവയുടെ കണക്ക് എന്നിവ അടിയന്തരമായി റിപ്പോർട്ട് ചെയ്യണം. കൂടാതെ മൂന്നാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി ആറ് മാസത്തേക്ക് ആവശ്യത്തിനുള്ള മരുന്നുകൾ സംഭരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓക്‌സിജൻ സംബന്ധമായ ക്രമീകരണങ്ങൾ വിലയിരുത്തിയ മന്ത്രി മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ഓക്‌സിജൻ പ്ലാന്റും സന്ദർശിച്ചു. ഫാർമസിയിലും വിവിധ വാർഡുകളിലും മന്ത്രി സന്ദർശനം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. സൂസൻ ഉതുപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.