
മുക്കം: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ കുടുങ്ങി സ്വയംതൊഴിൽ സംരംഭകരായ ഭിന്നശേഷിക്കാർ. കടമായി അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ച് വീട് തൊഴിൽശാലയാക്കി മാറ്റി ജിവിതം തള്ളിനീക്കിയ ഭിന്നശേഷിക്കാരാണ് പ്രതിസന്ധിയുടെ ചുഴിയിൽ അകപ്പെട്ടത്. ഒന്നര വർഷത്തോളമായി ഇവർ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. വിധി തളർത്തിയപ്പോഴും ആത്മവിശ്വാസം കൈമുതലാക്കി ജീവിതം തിരികെ പിടിക്കാനിറങ്ങിയ നൂറു കണക്കിന് ഭിന്നശേഷിക്കാരാണ് പ്രയാസം അനുഭവിക്കുന്നത്. സ്‌കൂൾ അദ്ധ്യയനം ആരംഭിക്കുന്ന അവസരം മുന്നിൽക്കണ്ട് കുടകളും പേനകളും മറ്റും നിർമ്മിച്ച് വിപണിയില്ലാതെ പോയതാണ് ഇപ്പോൾ ഇവർ നേരിടുന്ന പ്രശ്‌നം. ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെ വന്നതോടെ പലരും കടത്തിലായി. തുടർച്ചയായ രണ്ടാം വർഷമാണ് മഹാമാരി ഇവരുടെ പ്രതീക്ഷകൾ ഊതികെടുത്തുന്നത്.
മറ്റുള്ളവരുടെ സഹായത്തോടെ ഇരുന്നും കിടന്നും മറ്റും നിർമിക്കുന്ന കുടകളാണ് പ്രധാന ഉത്പന്നം. ഒപ്പം കടലാസുപേന, ഫാൻസി സാധനങ്ങൾ തുടങ്ങിയവയും നിർമ്മിക്കും. വീട്ടിൽ വീൽച്ചെയറിലും മറ്റും ഇരുന്ന് നിർമ്മിക്കുന്ന കുടകൾ ബസ് സ്റ്റാൻഡുകളിലെത്തിച്ചും പാലിയേറ്റീവ് സ്ഥാപനങ്ങളിലെ വോളന്റിയർമാർ മുഖേനയുമാണ് വിൽപ്പന നടത്തിയിരുന്നത്. ഭിന്നശേഷിക്കാർ മുച്ചക്ര വാഹനത്തിൽ വീടുകളിൽ നേരിട്ടെത്തി വിൽപ്പന നടത്തുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ സൗകര്യങ്ങളെല്ലാം നഷ്ടപെട്ടു.
കോഴിക്കോട് ജില്ലയിൽ മാത്രം ഇരുന്നൂറിലേറെ ഭിന്നശേഷിക്കാർ സ്വയം തൊഴിൽ നിലച്ച് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. സർക്കാർ നൽകുന്ന പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്രയം. ഇതാണെങ്കിൽ മരുന്ന് വാങ്ങാൻ പോലും തികയില്ല. പരസഹായമില്ലാതെ ഇരിക്കാനും കിടക്കാനും കഴിയാത്ത ഇവർക്ക് കടക്കെണിയിൽനിന്ന് രക്ഷനേടാനും
ജീവിതം മുന്നോട്ട് നീക്കാനും സഹായം കൂടിയേ തീരൂ. ഫോണിൽ ബന്ധപ്പെടുന്നവർക്ക് കുടകളും മറ്റും എത്തിച്ചു കൊടുക്കാമെന്ന് ഇവരിൽ ഒരാളായ ഷമീർ പറയുന്നു. 24 വർഷം മുമ്പ് കവുങ്ങിൽ നിന്ന് വീണതിനെ തുടർന്ന് ശരീരം തളർന്ന ചേന്ദമംഗല്ലൂർ സ്വദേശി ഷമീറിന്റെ ഫോൺ നമ്പർ: 9645861715