train

മാഹി: കടലിലും, കരയിലും, ആകാശത്തുമായി യാത്രാ വാഹനങ്ങൾ ഏറെയുണ്ടെങ്കിലും, തീവണ്ടി യാത്രാനുഭവം ഒന്ന് വേറെയാണ്. മലയാളികൾക്ക് ടിക്കറ്റെടുക്കാതെയുള്ള ട്രെയിൻ യാത്ര അസാദ്ധ്യവുമാണ്. എന്നാൽ ടിക്കറ്റെടുക്കാതെ തന്നെ നമുക്ക് ഒരു തീവണ്ടി യാത്രയാകാം; അതും ശീതീകരിച്ച് സുഖപ്രദമാക്കിയ എ.സി. കോച്ചിൽ...
തണുപ്പധികം വേണ്ടെന്നുള്ളവർക്കായി കമ്പാർട്ട്‌മെന്റിനോട് ചേർന്നുതന്നെ പ്ലാറ്റ് ഫോമിൽ ഇരിക്കാൻ പ്രത്യേകം അകത്തളം വേറെയും. വടകര നഗരത്തിൽ എടോടിയിൽ ഗ്രിഫി സൂപ്പർ മാർക്കറ്റിന് എതിർവശം 'പ്ലാറ്റ്‌ഫോം കഫെ' എന്ന ബോർഡ് കാണാം. തൊട്ടുപുറകിൽ തന്നെ നിർത്തിയിട്ട ട്രെയിൻ കമ്പാർട്ട്‌മെന്റും കാണാം.
സംശയിച്ച് നിൽക്കേണ്ട. ടിക്കറ്റെടുക്കാതെ ആർക്കും ഇതിൽ കയറാം. തീവണ്ടി മുറിയാണെങ്കിലും വടകരക്കാരുടെ ജനപ്രിയ റെസ്റ്റോറന്റ് ആയ പ്ലാറ്റ് ഫോം കഫെ ഇവിടെയാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആഡിസ് ആർക്കിടെക്‌സിലെ ഇന്റീരിയർ ആർക്കിടെക്ട് മാഹിക്കാരി സുമയുടേയും എഴുത്തുകാരൻ ദിവാകരൻ ചോമ്പാലയുടേയും മകൻ ദീപ്തിക് ദിവാകരൻ എന്ന യുവാവാണ് വിസ്മയകരമായ തോതിൽ ഈ തീവണ്ടി മുറിയുടെ രൂപ കൽപ്പന നിർവഹിച്ചിരിക്കുന്നത്.
ഒപ്പം, ആധുനിക സജ്ജീകരണങ്ങളടങ്ങിയ ഈ ജനപ്രിയ റെസ്റ്റോറിന്റെ നിർമ്മിതിയും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. തീവണ്ടി മുറിലെന്ന പോലെ നമ്പറിട്ട സീറ്റുകൾ, മുകളിൽ ബർത്തുകൾ, ഫാനുകൾ മറ്റ് അനുബന്ധസൗകര്യങ്ങൾ, ഓരോ സീറ്റിന്റെയും വശങ്ങളിൽ പുറത്തേക്ക് നോക്കുവാനുള്ള വിൻഡോകൾ, വിൻഡോകളെയെല്ലാം എൽ.സി.ഡി ഡിസ്‌പ്ലേ ഉറപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു.
വിശദമായ മെനുനോക്കി ഭക്ഷണം ഓർഡർ ചെയ്ത് കഴിഞ്ഞാൽ ടേബിളിലെത്തുന്നവരെ മുഷിഞ്ഞിരിക്കേണ്ട കാര്യവുമില്ല. കൂകി കുതിച്ച് പായുന്ന തീവണ്ടി മുറിക്കുള്ളിലിരുന്ന് പുറത്തേയ്ക്ക് നോക്കിയാൽ തെന്നിമാറുന്ന ദൃശ്യചാരുത ആസ്വദിക്കാം. കണ്ണൂർ മുതൽ കോഴിക്കോട് വരെയുള്ള തീവണ്ടി യാത്രയിൽ കാണാനിടയുള്ള ചലനവേഗതയിലുള്ള പ്രകൃതിയുടെ വശ്യമനോഹാരിത, തീവണ്ടി കാഴ്ച്ചകളുടെ ഇടമുറിയാത്ത നീണ്ടനിര, ശബ്ദ സഹിതം ഇവിടെയിരുന്ന് ആസ്വദിക്കാനാവും.