photo2

പാലോട്: രാത്രി മാത്രം നാട്ടിൽ സവാരിക്കിറങ്ങിയിരുന്ന കാട്ടുമൃഗങ്ങൾ പട്ടാപ്പകലും സ്വൈര്യവിഹാരം നടത്തുമ്പോൾ മലയോരമേഖലയിലെ ജനജീവിതം ഭീതിയിലാണ്ട് കിടക്കുകയാണ്. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ നാട്ടുപ്രദേശങ്ങളിലും ആദിവാസി മേഖലകളിലുമാണ് വന്യമൃഗങ്ങൾ ഇറങ്ങുന്നത്.

വെളുപ്പിന് റബർ ടാപ്പിംഗിന് ഇറങ്ങുന്നവരേയും വ്യായാമത്തിനായി നടക്കാനിറങ്ങുന്നവരേയും പുലർകാല വിളവെടുപ്പിന് ഇറങ്ങുന്നവരുേയും കാത്ത് ആന, കാട്ടുപോത്ത്, പന്നി, കരടി, മ്ലാവ് തുടങ്ങിയ കാട്ടുമൃഗങ്ങളാണ് വഴിയരികിൽ നിൽക്കുന്നത്. ഇതോടെ മേഖലയിലുള്ളവർ പേടിച്ച് പുറത്തിറങ്ങാത്ത അവസ്ഥയാണ്.

കടം വാങ്ങിയും ലോൺ തരപ്പെടുത്തിയും കൃഷി ചെയ്ത കർഷകർ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മുൻകാലങ്ങളിൽ സന്ധ്യയായാൽ മാത്രമിറങ്ങിയിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ പകലും പുറത്തിറങ്ങുന്നതു കൂടാതെ മനുഷ്യരെ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്.

പന്നിയെ കൂടാതെ കാട്ടുപോത്ത്, കരടി, ആന എന്നിവയും ജനവാസമേഖലയിൽ ഇറങ്ങി തുടങ്ങി. പൊന്നാംചുണ്ട് മേഖലയിലിറങ്ങിയ കാട്ടുപോത്ത് ജനങ്ങൾക്ക് പേടി സ്വപനമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് കുറുപുഴ വില്ലേജ് ഓഫീസിനു മുന്നിൽ വച്ച് ഓട്ടോയിൽ സഞ്ചരിച്ച മൂന്നു പേരെ കാട്ടുപോത്ത് ആക്രമിച്ചു ഇവർ ഇപ്പോഴും ചികിത്സയിലാണ്. കാട്ടുപന്നി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പലരും ചികിത്സയിലാണ്. ഒരു വർഷത്തിനു മുൻപ് പെരിങ്ങമ്മല പഞ്ചായത്തിലെ കോളച്ചൽ, മുത്തിക്കാണി കൊന്നമൂട് എന്നിവിടങ്ങളിലെ കട്ടുമൃഗശല്യത്തെ കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് സർക്കാർ തന്നെ 68 ലക്ഷം രൂപ ചിലവിൽ സൗരോർജവേലി നിർമ്മിച്ചിരുന്നു. ഇത് നശിപ്പിക്കപ്പെട്ട നിലയിലാണ്.നിലവിൽ കാട്ടുമൃഗങ്ങൾ മുഴുവനും ഈ മേഖലയിൽ ഇറങ്ങുകയാണ്.


അടിയന്തരമായി സർക്കാർ സൗരോർജവേലി പുനഃസ്ഥാപിക്കുന്നതിനും കൃഷിനാശം സംഭവിച്ച കർഷർക്ക് അർഹമായ നഷ്ടപരിഹാരവും ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരണം: പല കർഷകരും ബാങ്ക് വായ്പ് എടുത്തും കടം വാങ്ങിയുമൊക്കെയാണ് കൃഷി ചെയ്യുന്നത്. വന്യമൃഗ ശല്യത്താൽ കൃഷി നശിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരം വളരെ കുറവാണ്. കൃഷി ചെയ്ത് കടക്കെണിയിലായ കർഷരെ ജപ്തി ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം

എം.വി.ഷിജുമോൻ

എ.കെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി

ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്

നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്,

കാലൻ കാവ്

കുറുങ്ങണം

ദ്രവ്യംവെട്ടിയമൂല

കുറുപുഴ

 താന്നിമൂട്

 പുലിയൂർ

പെരിങ്ങമ്മല

 പുന്നമൺവയൽ വെളിയങ്കാല,

വേങ്കൊല്ല

ശാസ്താംനട

ഇടിഞ്ഞാർ

 മങ്കയം

മുത്തിക്കാണി

 വെങ്കലകോൺ

 കൊന്നമുട്

അരിപ്പ

 അനുഭവസ്ഥർ അനവധി

കോളച്ചൽ കൊന്നമൂട്,ഊരുമൂപ്പൻ ശ്രീധരൻ കാണിയുടേയും, മുത്തിപ്പാറ ആദിവാസി സെറ്റിൽമെന്റിൽ അനിത, ശ്രീജ, ശോഭന എന്നിവരുടേയും കൃഷിയിടത്തിലിറങ്ങിയ കാട്ടാന കൃഷി പൂർണ്ണമായും നശിപ്പിച്ചു. പാട്ടത്തിന് കൃഷിക്കായി കരാറടിസ്ഥാനത്തിൽ വസ്തു ഏറ്റെടുത്ത് ലക്ഷക്കണക്കിന് രൂപ ചിലവാക്കി കൃഷിയിറക്കിയ പല കർഷകരും കടക്കെണിയിലാണ്.കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നിക്കുട്ടം എല്ലാത്തരം കൃഷിയും നശിപ്പിക്കുന്നതാണ്. രണ്ട് ഏക്കർ വാഴകൃഷി ആന നശിപ്പിച്ചപ്പോൾ കർഷകന് കിട്ടിയ നഷ്ടപരിഹാരം വെറും രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. കർഷകന് ചെലവ് ഒരു ലക്ഷത്തോളം രൂപയാണ്. ആന കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ തെങ്ങും കുരുമുളക്, മരച്ചീനി എന്നു വേണ്ട കണ്ണിൽ കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ ആനക്കൂട്ടം തിരിച്ച് പോകാറുള്ളൂ