ഡോളർ ഡ്രീംസ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ ശേഖർ കാമുല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിൽ ധനുഷ് നായകനാകുന്നു. രണ്ട് ദേശീയ പുരസ്കാര ജേതാക്കൾ ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. മലയാളികളും ഇരുകൈയും നീട്ടി സ്വീകരിച്ച ഹാപ്പി ഡേയ്‌സ് ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് ശേഖർ കാമുല.ധനുഷ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് ഇതാദ്യമാണ്.
റസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ഒരു ഹോളിവുഡ് ചിത്രത്തിലഭിനയിച്ച് വരികയാണ് ധനുഷ് ഇപ്പോൾ. ധനുഷിന് ശേഖർ കാമുല പറഞ്ഞ തിരക്കഥ ഏറെ ഇഷ്ടമായത്രെ. ശേഖർ ഇതാദ്യമായാണ് ഒരു മുൻനിര താരത്തെ തന്റെ ചിത്രത്തിലെ നായകനാക്കുന്നത്.
നാഗചൈതന്യയെയും സായിപല്ലവിയെയും ജോടികളാക്കി ശേഖർ കാമുല സംവിധാനം ചെയ്ത ലവ് സ്‌റ്റോറി എന്ന ചിത്രം പ്രദർശനത്തിന് തയ്യാറായിക്കഴിഞ്ഞു.ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പിയുടെ ബാനറിൽ നാരായണൻദാസ് നാരംഗും പുഷ്ക്കർ റാവു മോഹൻറാവുവും ചേർന്നാണ് ധനുഷ് ശേഖർ കാമുല ചിത്രം നിർമ്മിക്കുന്നത്.