ഒറ്റ ട്രെയ്ലർ ഗാനത്തിലൂടെ സൂപ്പർഹിറ്റായി മാറിയ റിയലിസ്റ്റിക് ക്രൈം ആക്ഷൻ ത്രില്ലർ 'മിഷൻ സി' ക്ക് ശേഷം 'പ്രതി പ്രണയത്തിലാണ്' എന്ന ക്രൈം ത്രില്ലറുമായി ശ്രദ്ധേയനാകുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ. ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. വാഗമണ്ണിന്റെ പശ്ചാത്തലത്തിൽ ഒരു പൊലീസ് സ്റ്റേഷനിൽ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മലയാള സിനിമയിൽ പൊതുവെ കണ്ടിട്ടുള്ള പൊലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ല ഈ ചിത്രത്തിലുള്ളത്. വ്യത്യസ്തമായ പ്രമേയവും സമീപനങ്ങളുമാണ് പുതിയ ചിത്രത്തിലേതെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ പറയുന്നു. ആക്ഷനും സസ്‌പെൻസും ത്രില്ലുറുമൊക്കെ നിറഞ്ഞ പുതുമയുള്ള ശൈലിയിലാണ് ചിത്രം ഒരുങ്ങുന്നത്. പൊലീസ് കഥയാണെങ്കിലും സാമൂഹികമായ ചില പ്രശ്നങ്ങളും മനുഷ്യന്റെ നിസഹായതകളും അതിജീവനവുമൊക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ടെന്നും സംവിധായകൻ പറയുന്നു. വിനോദ് ഗുരുവായൂരിനൊപ്പം മുരളി ഗിന്നസും തിരക്കഥയിൽ പങ്കുചേരുന്നുണ്ട്. താരനിർണയം പൂർത്തിയായ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.