കല്ലമ്പലം: അടിയ്ക്കടിയുണ്ടാകുന്ന വൈദ്യുതി തടസത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. നാവായിക്കുളം പഞ്ചായത്തിലെ ഏഴാം വാർഡായ വെള്ളൂർകോണത്ത് കുന്നുവിള കോളനി നിവാസികളാണ് കത്തയച്ചത്. ധാരാളം കിടപ്പുരോഗികളും വയോധികരും ഇവിടെ താമസിക്കുന്നുണ്ട്.
വൈദ്യുതി തടസം കാരണം വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നതായും ഇലക്ട്രോണിക്സ് വീട്ടുപകരണങ്ങളും വില കൂടുതലുള്ള ജീവൻ രക്ഷാമരുന്നുകളും നശിച്ചുപോകുന്നതായും പരാതിയിൽ പറയുന്നു. പ്രസ്തുത ലൈൻ മറ്റു മേഖലകളിലേയ്ക്കും വ്യാപിച്ചു കിടക്കുന്നതിനാൽ ട്രാൻസ്ഫോർമറിൽ നിന്ന് 600 മീറ്റർ വരുന്ന കുന്നുവിള കോളനി ഭാഗത്തെ വൈദ്യുതി ലൈൻ സിംഗിൾ ഫേസിൽ നിന്നും ത്രീ ഫേയ്സിലേക്ക് മാറ്റി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.