വക്കം: മകളുടെ ഓൺലൈൻ പഠനത്തിൽ മൊബൈൽ ഫോൺ വേണമെന്നാവശ്യപ്പെട്ട് മന്ത്രിയെ വിളിച്ചു. ദിവസങ്ങൾക്കുള്ളിൽ ഒ.എസ്. അംബിക എം.എൽ.എ വീട്ടിൽ നേരിട്ട് ഫോൺ എത്തിച്ചു. വക്കം ഇറങ്ങുകടവിൽ വരമ്പിൽ വീട്ടിൽ അനിതയുടെ മകൾ കാർത്തികയ്ക്കാണ് പഠനത്തിനായി ഫോൺ ലഭിച്ചത്. കഴിഞ്ഞ 9 വർഷമായി വാടകവീട്ടിൽ കഴിയുന്ന കുടംബത്തിലെ മൂത്ത മകൾ കാർത്തികയ്ക്ക് ഓൺലൈൻ പഠനത്തിന് ഫോൺ വേണമെന്ന് ടീച്ചർമാർ അറിയിച്ചതിനെ തുടന്നാണ് ഫോണിനായി ശ്രമം ആരംഭിച്ചത്.
അനിത വിദ്യാഭ്യാസ മന്ത്രിയുടെ ഫോൺ നമ്പർ കണ്ടെത്തി മകളുടെ പഠനകാര്യം നേരിട്ട് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻതന്നെ സ്ഥലം എം.എൽ.എയായ അംബികയുമായി ബന്ധപ്പെട്ട് സ്മാർട്ട് ഫോൺ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വക്കം ഫാർമേഴ്സ് ബാങ്കിലെ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വഴി ഫോൺ നൽകുകയായിരുന്നു. വക്കം പുളിവിളാകം എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ കാർത്തികയുടെ വീട്ടിലെത്തി ഒ.എസ്. അംബിക എം.എൽ.എ സ്മാർട്ട് ഫോൺ കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ്, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജെ. സലിം, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ടി. ഷാജു, സുജിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.