ആറ്റിങ്ങൽ: വായനക്കാർക്ക് പുസ്തകങ്ങളും പത്രമാസികകളും ഒരുക്കി നാടിന്റെ അക്ഷരകേന്ദ്രമാകുകയാണ് അവനവഞ്ചേരി ടോൾ ജംഗ്ഷനിലെ കലാകൈരളി ഗ്രന്ഥശാല. ജില്ലയിൽ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥശാലകളിലൊന്നാണ് ഇത്. 1978 ൽ അന്നത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ആരംഭിച്ച കലാകൈരളി ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് 1981ൽ സംസ്ഥാന ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ഗ്രന്ഥശാലയായി മാറുകയായിരുന്നു.
ആദ്യകാലഘട്ടങ്ങളിൽ കായിക രംഗത്ത് സംസ്ഥാനതലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൊയ്ത കബഡി ടീം കലാകൈരളിക്കുണ്ടായിരുന്നു. കൂടാതെ നാട്ടിലെ കുട്ടികളെ കബഡി പരിശീലനം നൽകാനും കലാകൈരളി ശ്രമിച്ചിരുന്നു. വളരെ പഴക്കം ചെന്ന രണ്ടു ചെറിയ കടമുറികളിലായിട്ടാണ് വായനശാലയും ഗ്രന്ഥശാലയും പ്രവർത്തിച്ചുതുടങ്ങിയത്. ഇന്നും സ്ഥലസൗകര്യത്തിന്റെ കാര്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ല.
കഴിഞ്ഞ മൂന്നു വർഷമായി പുതിയ ഭരണസമിതി വന്നതിനുശേഷം കലാകൈരളിയുടെ പ്രവർത്തനങ്ങൾ ഉഷാറാണ്. ചോർന്നൊലിക്കുന്ന സാഹചര്യമുണ്ടായിരുന്ന കെട്ടിടത്തിന്റെ ജീർണാവസ്ഥകൾ നാട്ടുകാരുടെ സഹകരണത്തോടെ മാറ്റി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് പഴയ ചിതലരിച്ച അലമാരകൾ മാറ്റി പുതിയത് വാങ്ങി. കൂടുതൽ പുസ്തകങ്ങൾ ലൈബ്രറിയുടെ ശേഖരത്തിലെത്തിച്ചു. അംഗങ്ങളെ ചേർക്കാനുള്ള പ്രവർത്തനങ്ങൾ സജ്ജീവമാക്കി. ഇതോടെ ഗ്രന്ഥശാല ഇന്ന് നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. സാബു നീലകണ്ഠൻ നായർ പ്രസിഡന്റും ബിനുകുമാർ നയനം സെക്രട്ടറിയുമായ പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തതു മുതലാണ് ഈ മാറ്റം ഉണ്ടായതും ഗ്രന്ഥശാലയ്ക്ക് പുതു ജീവൻ കൈവന്നതും.
വായനശീലം കുട്ടികളിലെത്തിക്കാനും അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുമായി വിവിധ പദ്ധതികൾ ഗ്രന്ഥശാല ഏറ്റെടുത്ത് നടപ്പിലാക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കഴിയുന്നതോടെ പഴയ രീതിയിൽ പുസ്തക വിതരണം ആരംഭിക്കാനും നാട്ടുകാരുടെ സഹകരണത്തോടെ ലൈബ്രറിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമുള്ള തീരുമാനം എടുത്ത് കാത്തിരിക്കുകയാണ് കലാകൈരളി ഗ്രന്ഥശാല.
അംഗങ്ങൾ - 310
പുസ്തകങ്ങൾ - 2500 ൽ പരം
പുസ്തകം വീടുകളിലേക്ക്
കൊവിഡ് കാലത്ത് വായനക്കാർക്ക് പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ബുക്ക് ഓൺ ഡിമാന്റ്' എന്ന പദ്ധതി ഏറെ വിജയം കണ്ടു. ലൈബ്രറി കൗൺസിലിന്റെ ഗ്രേഡിംഗിൽ എഫ് ഗ്രേഡ് നേടിയതോടെ വിവിധ ഗ്രാൻഡുകൾ ലൈബ്രറിക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
വിവിധ വർത്തനമാന പത്രങ്ങളും മാസികകളും വായനക്കാർക്ക് ലഭ്യമാണ്. ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർഗോത്സവം ഉൾപ്പെടെ വിവിധ പരിപാടികളിൽ ഗ്രന്ഥശാല അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്.
|
|
||
|