ആറ്റിങ്ങൽ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് വേണ്ടി മൊബൈൽ ലൈബ്രറി പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ ജീവനക്കാരും അദ്ധ്യാപകരും സ്നേഹ കൂട്ടായ്മയിലൂടെ സ്വരൂപിച്ച പണംകൊണ്ടാണ് മൊബൈൽ ഫോണുകൾ വാങ്ങിയത്. കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾ ഫോണുകൾ സ്വീകരിച്ചു.

18 ഫോണുകളാണ് ഓൺലൈൻ പഠനത്തിന് നൽകിയത്. ഇത്തരത്തിൽ ലഭിക്കുന്ന ഫോണുകൾ ക്ലാസ് റൂം പഠനം പുനഃരാരംഭിക്കുന്ന ദിവസം വിദ്യാർത്ഥികൾ സ്കൂളിന് കൈമാറണം. ഇത് സ്കൂളിൽ ആരംഭിച്ചിട്ടുള്ള മൊബൈൽ ഫോൺ ലൈബ്രറിയിൽ സൂക്ഷിക്കാനാണ് തീരുമാനം. ഏതെങ്കിലും തരത്തിൽ ക്ലാസ് റൂം പഠനത്തിന് വീണ്ടും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഫോണുകൾ അർഹരായ കുട്ടികൾക്ക് വീണ്ടും നൽകുമെന്ന് ഹെഡ്മിസ്ട്രസ് ലത എസ്.നായർ പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് വി. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ,​ വാർഡ് കൗൺസിലർ ജി.എസ്. ബിനു, പ്രിൻസിപ്പൽ ഇൻചാർജ് അജിത്കുമാർ, നോഡൽ ഓഫീസർ ബിനു, സീനിയർ അസി. മനോജ്, പി.ടി.എ അംഗം വേണുഗോപാൽ എന്നിവർ പങ്കെടുത്തു.