photo

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പാലോട് ബെവ്കോ ഔട്ട്‌ലെറ്റിൽ തിരക്ക് നിയന്ത്രണാതീതമായി. സമീപ പഞ്ചായത്തുകളിലെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിനാൽ മറ്റ് ഔട്ട്‌ലെറ്റുകൾ തുറക്കാത്തതിനാലാണ് ജനത്തിരക്ക് വർദ്ധിച്ചത്.

ഇന്നലെ ഔട്ട്‌ലെറ്റിൽ നിന്ന് 4 കിലോമീറ്ററോളം ദൂരം ക്യൂ നീണ്ടു. തിരക്ക് നിയന്ത്രണാതീതമായി തുടർന്നതോടെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്. കോരിച്ചൊരിയുന്ന മഴയത്തും തിരക്കിന് ഒട്ടും കുറവുണ്ടായില്ല. പാലോട് പൊലീസെത്തി സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം നൽകിയെങ്കിലും ചില സമയങ്ങളിൽ എല്ലാം പാളി.

ബെവ്കോയുടെ മടത്തറ, കല്ലറ, വിതുര ഔട്ട്‌ലെറ്റുകൾ തുറക്കാതിരുന്നതും ജനത്തിരക്ക് വർദ്ധിക്കാൻ കാരണമായി. ഇന്നും നാളെയും നിയന്ത്രണങ്ങൾ കർശനമാക്കിയതും കഴിഞ്ഞ ദിവസത്തെ തിരക്ക് വർദ്ധിക്കാൻ കാരണമായി. മുപ്പത് ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ഒറ്റ ദിവസത്തെ പാലോട് ബെവ്കോ ഔട്ട്‌ലെറ്റിന്റെ വരുമാനം. ടോക്കൻ സമ്പ്രദായം നടപ്പിലാക്കണമെന്ന പൊലീസിന്റെ നിർദ്ദേശം ഇന്നലെയും നടപ്പിലായില്ല.

ക്യാപ്ഷൻ: പാലോട് ബെവ്കോ ഔട്ട്‌ലെറ്റിലെ കഴിഞ്ഞ ദിവസത്തെ തിരക്ക്