ചിറയിൻകീഴ്: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതിയായി. ചിറയിൻകീഴ് പെരുമാതുറ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, അഞ്ചുതെങ്ങ് ഫെറോനാ വികാരി ജസ്റ്റിൻ, പൂത്തുറ പള്ളി വികാരി ബിനു, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, മത്സ്യഭവൻ ഓഫീസർ ശ്രീകാന്ത്, ലേല തൊഴിലാളി പ്രതിനിധികൾ, താങ്ങു വള്ള തൊഴിലാളി നേതാവ് തുടങ്ങിയവർ പങ്കെടുത്തു.

തീരുമാനങ്ങൾ ഇങ്ങനെ

1) കൊവിഡ് ഒരു ഡോസ് വാക്സിൻ എടുത്തവർക്കും കൊവിഡ് പരിശോധന നെഗറ്റീവായ തൊഴിലാളികൾക്കും ജീവനക്കാർക്കും മാത്രമേ ഹാർബറിൽ പ്രവേശനമുണ്ടാകൂ.

2)ഓരോ ദിവസവും 50 ശതമാനം തൊഴിലാളികൾക്കാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇത്തരത്തിൽ എത്തുന്ന തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷനിലെത്തി പേരും സ്ഥലവും രജിസ്റ്റർ ചെയ്യണം.

3)മത്സ്യം കൊണ്ടുപോകാൻ എത്തുന്ന വാഹനങ്ങൾ ഹാർബറിന് പുറത്ത് പാർക്ക് ചെയ്യണം. മത്സ്യം വാങ്ങിയശേഷമാകും ഹാർബറിനുള്ളിൽ വാഹനം പ്രവേശിപ്പിക്കാൻ അനുമതി.

4)മത്സ്യത്തൊഴിലാളികൾക്കും മൊത്തവ്യാപാരികൾക്കും ചെറുകിട വ്യാപാരികൾക്കും മാത്രമേ ഫിഷ് ലാൻഡിംഗിൽ പ്രവേശനമുള്ളൂ.

5)നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ 23ന് വീണ്ടും പുനഃപരിശോധിക്കും.

6)ശനി, ഞായർ ദിവസങ്ങളിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.