photo

ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്റ്റീഫന്റെ മകൻ ക്രിസ്റ്റിൻരാജ് (19) ആണ് കാണാതായത്. ഇന്നലെ വെളുപ്പിന് 5 മണിയോടെ മുതലപ്പൊഴി അഴിമുഖത്തായിരുന്നു സംഭവം.

പുതുക്കുറിച്ചി സ്വദേശി ജാഫർഖാന്റെ ഫൈബർ വള്ളത്തിൽ നാലു പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകുന്നതിനിടെ ഹാർബറിന്റെ പ്രവേശനകവാടത്തിൽ വച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരായ പുതുക്കുറിച്ചി സ്വദേശി അൻസാരി, മര്യനാട് സ്വദേശികളായ സുജിത്ത്, സുജിൻ എന്നിവർ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റ അൻസാരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ക്രിസ്റ്റിൻരാജിന് വേണ്ടി അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും നാട്ടുകാരും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.

ആറ്റിങ്ങൽ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ശക്തമായ തിരയടി പലപ്പോഴും തെരച്ചിലിന് തടസമായി. തിരയിൽ അകപ്പെട്ട് മറിഞ്ഞ ഫൈബർ വള്ളം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് കരയ്ക്കെത്തിച്ചു. എൻജിനും ബോട്ടിനും സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. കോസ്റ്റൽ സി.ഐ ജോയി മാത്യൂ, ഗ്രേഡ് എസ്.ഐ ജ്യോതി, മറൈൻ ഗാർഡുകളായ സുനിൽ, ജിനിൽ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്.

ഇക്കഴിഞ്ഞ മേയ് 27 ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം അഴിമുഖത്തിനു സമീപം വച്ച് തിരയിൽ അകപ്പെട്ട് മറിഞ്ഞ് അഞ്ചുതെങ്ങ് തൈവിളാകം വീട്ടിൽ ഷാജു (36) വിനെ കാണാതായിരുന്നു. പിറ്റേദിവസം പൂത്തുറയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ തിരയിൽ അകപ്പെട്ട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ടുകൾ മറിയുന്നതിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിലും രോഷാകുലരുമാണ്.