നെടുമങ്ങാട്: കൊവിഡിലും കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന കോളനി പ്രദേശങ്ങളിൽ കൈത്താങ്ങ് നൽകി നെടുമങ്ങാട് ഗവ. കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് വോളന്റിയർമാർ. നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി കിറ്റുകൾ, പുതുവസ്ത്രങ്ങൾ മുതലായവ വിതരണം ചെയ്തു. നഗരസഭ പരിധിയിലെ പതിനാറാംകല്ല്, വലിയമല, മന്നൂർക്കോണം വാർഡുകളിലും പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞാർ കല്യാണികരിക്കകം, മാടൻകരിക്കകം എന്നിവിടങ്ങളിലുമാണ് വിതരണം നടത്തിയത്. നഗരസഭ പ്രദേശങ്ങളിൽ മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് യഹിയ, പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ. അൻസർ, വലിയമല സുരേഷ്, ജോയി ജോൺ, അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി. ഇടിഞ്ഞാർ വാർഡിൽ ഡോ.ആർ.എൻ അൻസർ വിതരണം നിർവഹിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി എച്ച്. സുദർശനൻ, ടി. സെൽവസ്വാമി, മനോജ് ടി. പാലോട്, ചന്ദ്രൻ, എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി സിദ്ധാർത്ഥ് തുടങ്ങിയവർ പങ്കെടുത്തു.