ബസ് എതിരെ വന്ന മൂന്ന് കാറിലും ഒരു സ്വകാര്യ ബസിലും ഇടിച്ചു
പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കാനും ശ്രമം
ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവായി
ആറ്റിങ്ങൽ: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങൽ വരെയാണ് മദ്യപിച്ച ഡ്രൈവർ വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് മുടപുരം എസ്.വി ഭവനിൽ ശ്യാമിനെ (32) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഓടുന്ന കാർത്തിക ബസിന്റെ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാൾ ഇന്നലെ ഇതിൽ കണ്ടക്ടറായിരുന്നു.വെഞ്ഞാറമൂട്ടിൽ വച്ച് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ചായകുടിക്കാൻ പോയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട ശ്യാം ബസ് എടുക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ബസിൽ 20 സ്ത്രീകൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്റ്റോപ്പുകളിൽ ആളിറക്കാതെ അമിത വേഗത്തിൽ ബസ് പാഞ്ഞപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി. ബസിലുണ്ടായിരുന്ന പുരുഷന്മാർ ഇയാളെ വിലക്കിയിട്ടും ഫലമുണ്ടായില്ല. ബസ് എതിരെ വന്ന മൂന്ന് കാറിലും ഒരു സ്വകാര്യ ബസിലും ഇടിക്കുക കൂടി ചെയ്തതോടെ യാത്രക്കാർ ഭയന്നു.
സംഭവമറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് എത്തി ബസ് തടയാൻ ശ്രമിച്ചെങ്കിലും ജീപ്പ് ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്നു മുക്കിൽ വച്ച് എസ്.ഐ ബസ് തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിനു നേരെയും ശ്യാം ബസ് പായിച്ചു. അത്ഭുതകരമായാണ് എസ്.ഐയും രക്ഷപ്പെട്ടത്.
സിനിമാരംഗങ്ങൾ പോലെയായിരുന്നു സംഭവം. അമിതവേഗതയിൽ പായുന്ന ബസിന് പിന്നാലെ പൊലീസ് ജീപ്പും ഒപ്പമുണ്ടായിരുന്നു. ഒന്നും വകവയ്ക്കാതെ ശ്യാം ബസ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഒതുക്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ബസ് ഇടിച്ച് നാശനഷ്ടം സംഭവിച്ച വാഹന ഉടമകളും യാത്രക്കാരും മൊഴിനൽകി. കസ്റ്റഡിയിലാകുമ്പോൾ ശ്യാം അബോധാവസ്ഥയിലായിരുന്നു.