തകർപ്പൻ വിജയമായ ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്നു. ബ്രോ ഡാഡിയെന്ന് പേരിട്ടിരിക്കുന്ന ഇൗ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുൻപ് താൻ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞദിവസം പൃഥ്വിരാജ് പറഞ്ഞിരുന്നു.
മോഹൻലാലിനൊപ്പം പൃഥ്വിരാജും ഇൗ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശനും മീനയുമാണ് നായികമാർ. മുരളിഗോപി, ലാലു അലക്‌സ്, സൗബിൻ ഫാഗിർ, കനിഹ തുടങ്ങിയവരും താരനിരയിലുണ്ട്. നവാഗതരായ ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഇൗ കുടുംബചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
കാമറ അഭിനന്ദൻ രാമാനുജം, സംഗീതം : ദീപക്ക് ദേവ്, എഡിറ്റിംഗ്: അഖിലേഷ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ : സിദ്ദു പനയ്ക്കൽ, കോസ്റ്റ്യൂംസ്: സുജിത്ത് സുധാകരൻ, മേയ്‌ക്കപ്പ് : ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽസ് : സിനറ്റ് സേവ്യർ.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ്. മോഹൻലാലിന്റെ അടുത്ത റിലീസ് ഒാണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.