തിരുവനന്തപുരം: ഫലവൃക്ഷത്തൈകളും ചെടികളും വിൽപന നടത്തുന്ന നഴ്‌സറികളുടെ പ്രവർത്തനം നിയമപരമാക്കാൻ നഴ്‌സറി ആക്ട് നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. നഴ്‌സറികളിൽ നിന്നും വിൽപന നടത്തുന്ന തൈകൾ വാങ്ങി നട്ടുപിടിപ്പിക്കുന്നവർ പലപ്പോഴും കബളിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കാനാണ് നഴ്‌സറി ആക്ട് നടപ്പിലാക്കുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്നും വരുന്ന പച്ചക്കറികളിൽ അമിതമായ തോതിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നുണ്ട്. ഇത്തരം പച്ചക്കറികൾ കേരളത്തിലേക്ക് അയയ്ക്കരുതെന്നും അതിന് നിയന്ത്രണം ഉണ്ടാക്കണമെന്നും കാണിച്ച് തമിഴ്നാട് കൃഷി മന്ത്രിക്ക് കത്തുനൽകും. 13 ഇനം പച്ചക്കറികൾക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച താങ്ങുവിലയിൽ ചില ഇനങ്ങളുടേത് കുറവാണെന്ന പരാതിയുണ്ട്. ഇതു പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും.
പട്ടയഭൂമിയിലെ മരം മുറി ഉത്തരവിൽ മുൻ റവന്യു,വനം മന്ത്രിമാർക്ക് തെറ്റുപറ്റിയിട്ടില്ല. സി.പി.ഐ ഇക്കാര്യത്തിൽ ഒറ്റപ്പെട്ടിട്ടില്ല. സി.പി.ഐ മന്ത്രിമാർക്ക് വേണ്ടി സംസാരിക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ടാകാം മറ്റാരും വിഷയത്തിൽ അഭിപ്രായം പറയാത്തതെന്ന് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.