തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കോളേജ് പഠനകാലത്ത് താൻ ചവിട്ടിവീഴ്ത്തിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്റെ 'വീരവാദം.' അതിനു മറുപടിയായി, പണ്ട് തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളാണ് സുധാകരനെന്ന് പിണറായിയുടെ ആരോപണം. ആ പറഞ്ഞതിന് ഇന്ന് മറുപടിയെന്ന വെല്ലുവിളിയുമായി സുധാകരൻ. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ ആക്ഷേപവും മുഖ്യമന്ത്രിയുടെ ആരോപണവും വഴിതുറക്കുന്നത് പുതിയ രാഷ്ട്രീയ പോർമുഖത്തിന്.
ഒരു വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠനകാലം ഓർമ്മിക്കുന്നതിനിടെയാണ്, താൻ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയിട്ടുണ്ടെന്ന കെ. സുധാകരന്റെ തിരിഞ്ഞുനോട്ടം. ഇതേക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി, സുധാകരൻ അലഞ്ഞുതിരിഞ്ഞു നടന്ന റാസ്‌കലാണെന്നും പലരെയും കൊന്ന് പണമുണ്ടാക്കിയിട്ടുണ്ടെന്നും മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനെ ഉദ്ധരിച്ചായിരുന്നു പിണറായിയുടെ പ്രഹരം.
സുധാകരൻ എം.പിയായ ശേഷമാണ് കോൺഗ്രസിന് കൂടുതൽ തോൽവി ഉണ്ടായതെന്നും, മണൽ മാഫിയയെ വച്ച് ഉണ്ടാക്കിയ പണം സ്വന്തം പോക്കറ്റിലിട്ടെന്നും രാമകൃഷ്ണനെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. തന്നെ ചവിട്ടിവീഴ്‌ത്തിയെന്ന് സുധാകരൻ സ്വപ്നം കണ്ടതാണെന്നും അതുകൊണ്ടൊന്നും തന്നെ വീഴ്‌ത്താനാവില്ലെന്നും പിണറായി തുടർന്നു.
തന്റെ കുട്ടികൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് അവരെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടതായി ഒരു വിശ്വസ്തൻ പിന്നീട് തന്നോട് വെളിപ്പെടുത്തിയെന്നാണ് പിണറായി ഇന്നലെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. സുധാകരന്റെ ചവിട്ടിവീഴ്ത്തൽ കഥ അപ്പാടെ മുഖ്യമന്ത്രി നിഷേധിക്കുകയും ചെയ്തു. 'ഇത്ര വീരവാദം പാടുണ്ടോ' എന്നു ചോദിച്ച മുഖ്യമന്ത്രി, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരൻ പറഞ്ഞതെന്നും മറുപടി നൽകി.
സുധാകരൻെറ അടി
ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐയുടെ പഠിപ്പുമുടക്ക് പൊളിക്കാനായിരുന്നു കെ.എസ്.യുവിന്റെ പ്ലാൻ. എ.കെ.ബാലന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഘടിച്ചു. ഞാൻ രണ്ടാം നിലയിലെ കോണിപ്പടിയിലായിരുന്നു. ബാലനെ ഉൾപ്പെടെ കെ.എസ്.യുക്കാർ തല്ലിയോടിച്ചു. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി 'നീയേതാടാ, ധാരാസിംഗോ' എന്നു ചോദിച്ചു. ഞാൻ അന്ന് കളരി പഠിക്കുന്നുണ്ടായിരുന്നു. ഒറ്റച്ചവിട്ട്. താഴെ വീണ പിണറായിയെ കെ.എസ്.യുക്കാർ വളഞ്ഞിട്ടു തല്ലി. പൊലീസെത്തിയാണ് എടുത്തുകൊണ്ടു പോയത്.
പിണറായിയുടെ തിരിച്ചടി
അന്ന് എസ്.എഫ്. എെ അല്ല, കെ.എസ്.എഫാണ്. ഞാൻ സംസ്ഥാന ഭാരവാഹിയാണ് . അന്ന് പരീക്ഷ എഴുതേണ്ട എന്നു ഞാൻ തീരുമാനിച്ചു. ക്ളാസ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി. പ്രവർത്തകർ സമരം തുടങ്ങി. സംഘർഷം കൈവിട്ടപ്പോൾ ഞാൻ രണ്ടുകൈയും കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി. എ.കെ. ബാലൻ എന്നെ പിടിച്ച് 'ഒന്നും ചെയ്യല്ലേ' എന്നു പറഞ്ഞു. ''പിടിച്ചുകൊണ്ട് പോടാ, ആരാ ഇവൻ'' എന്ന് ഞാൻ ചോദിച്ചു. ബ്രണ്ണൻ കോളേജിൽ കെ.എസ്.യുവിന് മൃഗീയ ഭൂരിപക്ഷമുള്ള കാലത്താണ് ഞാൻ അവിടെ ചെന്നത്. സുധാകരനെക്കാൾ തടിമിടുക്കുള്ളവർക്കിടയിലാണ് ഞാൻ ജീവിച്ചത്. എന്തിനാണ് സുധാകരൻ പൊങ്ങച്ചം പറയുന്നത്?
പിണറായിയുടെ
ചോദ്യങ്ങൾ
# കണ്ണൂർ ഡി.സി.സി ഓഫീസിനു വേണ്ടി പിരിച്ച കോടികൾ എവിടെ?
# കെ.കരുണാകരൻ ട്രസ്റ്റിനുവേണ്ടി പിരിച്ച കോടികൾ എവിടെ?
# ചിറയ്ക്കൽ സ്കൂൾ വാങ്ങാൻ ഗൾഫിൽ നിന്നടക്കം പിരിച്ച തുക എവിടെ?
മക്കളെ തട്ടിക്കൊണ്ടുപോകാൻ
സുധാകരൻ പ്ളാനിട്ടു: പിണറായി
തിരുവനന്തപുരം: കെ. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ ഒരു വിശ്വസ്തൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായി പിണറായി പറഞ്ഞു.
'സുധാകരന്റെ സുഹൃത്ത് എന്നെ കാണാൻ വന്നു. അദ്ദേഹം പറഞ്ഞു, നിങ്ങൾ ശ്രദ്ധിക്കണം. സുധാകരൻ വലിയ പ്ലാനുമായാണ് നടക്കുന്നത്. നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിടുന്നുണ്ട്. ഇത് പഞ്ചാബല്ല, കേരളമാണെന്ന് താൻ അപ്പോൾ സുധാകരനോട് പറഞ്ഞെന്നും സുഹൃത്ത് വെളിപ്പെടുത്തി. വരുന്നിടത്തു വച്ച് കാണാമെന്നാണ് താൻ പറഞ്ഞത്. ഭാര്യയോടു പോലും പറഞ്ഞില്ല. പറഞ്ഞാൽ രണ്ട് കുട്ടികളുമായി സ്കൂളിൽ പാേകുന്ന അവർ പേടിക്കില്ലേ?