തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ 80-ാം ചരമവാർഷികദിനം ആചരിച്ച് തലസ്ഥാനം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അനുസ്മരണം നടത്തിയത്. ഡി.സി.സിയുടെ നേതൃത്വത്തിൽ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു, ഡി.സി.സി ഭാരവാഹികളായ കടകംപള്ളി ഹരിദാസ്, ആർ. ഹരികുമാർ, പാളയം ഉദയൻ എന്നിവർ പങ്കെടുത്തു.
കേരള പുലയർമഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ, താലൂക്ക് യൂണിയൻ തലത്തിൽ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.എം.എസ് ജില്ലാ കമ്മിറ്റി വെങ്ങാനൂർ മഹാത്മാ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ നേതാക്കളായ ഡോ. സുരേന്ദ്രനാഥ്, ചാല മോഹനൻ, ചെറുവയ്ക്കൽ അർജുനൻ, തിരുമുല്ലവാരം രാജു, എസ്.എസ്. അജയകുമാർ, കോളിയൂർ ചന്ദ്രൻ, സി.വി. രാജു, ദിലീപ് കുമാർ, പ്രേം സാഗർ തുടങ്ങിയവർ പങ്കെടുത്തു.
ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വെള്ളയമ്പലം സ്ക്വയറിൽ നടത്തിയ അനുസ്മരണം മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു അദ്ധ്യക്ഷനായി. നേതാക്കളായ പേരൂർക്കട രവി, കടകംപള്ളി ഹരിദാസ്, പാളയം ഉദയൻ, ആർ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. കേരള ചേരമർ സംഘത്തിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ, ആറയൂർ കെ.പി. ചെല്ലപ്പൻ, കൊല്ലയിൽ ഷാജി, എ.ബി. സജു എന്നിവർ പുഷ്പാർച്ചന നടത്തി.