adani

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ ഡിസംബർ വരെ അദാനിഗ്രൂപ്പ് സമയം ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണിത്. ജനുവരി 19ന് എയർപോർട്ട് അതോറി​റ്റിയുമായി ഒപ്പുവച്ച കരാർ പ്രകാരം ആറ് മാസത്തിനകം തിരുവനന്തപുരം, ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറണം. എല്ലായിടത്തും സമയം നീട്ടണമെന്നാണ് ആവശ്യം.

എയർപോർട്ട് അതോറി​റ്റി ബോർഡ് ഈ മാസം അവസാനം ചേർന്ന് തീരുമാനമെടുക്കും. ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് അദാനിഗ്രൂപ്പ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. അമ്പതുവർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, പരിപാലനം, ഭൂമി എന്നിവയാണ് അദാനിക്ക് കൈമാറുക. അദാനിഗ്രൂപ്പ് ഓരോ യാത്രക്കാരനും 168രൂപ വീതം വിമാനത്താവള അതോറിറ്റിക്ക് നൽകണമെന്നാണ് കരാർവ്യവസ്ഥ.