വിതുര: ഒരു മാസത്തോളമായി വിതുരയിലെ പൊന്നാൻചുണ്ട്, ശാസ്താംകാവ് ഭാഗങ്ങളിൽ കറങ്ങി നടക്കുന്ന കാട്ടുപോത്ത് ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുകയാണെന്ന പരാതിയുമായി നാട്ടുകാർ.
വന്യ ജീവി സംരക്ഷണ നിയമങ്ങളെ ഭയന്ന് നാട്ടുകാർക്ക് അതിനെ ഓടിച്ചു വിടാൻ ഭയപ്പെടുകയാണ്. രണ്ട് ആഴ്ചകൾക്ക് മുൻപ് വനപാലകർ സ്ഥലം സന്ദർശിക്കുകയും, കാട്ടിലേക്ക് കയറ്റി വിടാൻ ചെറിയ ശ്രമം നടത്തിയ ശേഷം മടങ്ങുകയും ചെയ്തിരുന്നു. കാട്ടുപോത്ത് വനത്തിൽ കയറിക്കോളും എന്ന് നാട്ടുകാരെ അശ്വസിപ്പിച്ചാണ് ഇവർ മടങ്ങിയത്.
എന്നാൽ കാട്ടുപോത്ത് ഇപ്പോഴും നാട്ടിൽ കറങ്ങി നടക്കുകയാണ്. പുലർച്ചെ ടാപ്പിംഗിനും മറ്റു അത്യാവശ്യങ്ങൾക്കും പുറത്തിറങ്ങാൻ ജനങ്ങൾ ഭയക്കുകയാണ്. പകൽ പോലും വളരെ ഭയത്തോടും ശ്രദ്ധയോടെയുമാണ് നടക്കുന്നത്. നട്ടു വളർത്തിയ കാർഷിക വിഭവങ്ങൾ പോലും നശിപ്പിക്കപ്പെടുന്നത് കണ്ടു നിൽക്കാനെ സാധിക്കുന്നുള്ളു. അധികൃതർ വേണ്ട പരിഗണന നൽകി ജനങ്ങളുടെ ജീവനും സ്വത്തുകളും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.