ramesan-nair

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ നടന്ന വഴിയേ ഏറെ പോയിട്ടുണ്ട് എസ്.രമേശൻ നായർ. ഗുരുദേവൻ തപസ് ചെയ്ത മരുത്വാമലയിലും കുമാരഗിരി കുന്നിലുമൊക്കെ രമേശൻ നായ‌ർ തീർത്ഥാടകന്റെ മനസുമായി എത്തിയിരുന്നു. അതിലേറെ ഗുരുദേവന്റെ കൃതികളിലൂടെ സഞ്ചരിച്ചു. അങ്ങനെ ഗുരുദേവൻ മനസിൽ വിളങ്ങി നിന്നപ്പോൾ എസ്.രമേശൻ നായർ എഴുതിയ കൃതിയാണ് 'ഗുരു പൗർണമി'.

എഴുത്തിൽ എല്ലാത്തരത്തിലും സംതൃപ്തി തോന്നിയ പുസ്തകമാണ് 'ഗുരുപൗർണമി'യെന്നാണ് എസ്. രമേശൻ നായർ പറഞ്ഞിരുന്നത്. ഗുരുദേവനെ കുറിച്ച് അറിഞ്ഞ നാൾ മുതൽ കൂടുതൽ കൂടുതൽ അറിയാനായി മനസാ ശിഷ്യനായി സഞ്ചരിക്കുകയായിരുന്നു രമേശൻ നായർ.

''കഴിഞ്ഞ നൂറ്റാണ്ടിലെ മഹത്തായ ജനനം ശ്രീനാരായണ ഗുരുവിന്റേതാണ്. അദ്ദേഹത്തിന്റെ പ്രസക്തി ഈ നൂറ്റാണ്ടിലാണ്. സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ ലളിതമായി ഏറ്റവും ഗഹനമായ കാര്യങ്ങൾ ഗുരു ലോകത്തോട് പറഞ്ഞു. 40 വർഷമായി ഗുരുവിനെയറിയാനും അദ്ദേഹത്തിന്റെ ആശയങ്ങളെ ആഴത്തിൽ പഠിക്കാനും തുടങ്ങിയിട്ട്. ഗുരുവെന്ന ചൈതന്യത്തെയാണ് നാം അറിയേണ്ടത്. ലോകത്തിന്റെ വ്യാധികൾക്കുള്ള മരുന്ന് ഗുരു പറഞ്ഞു തന്നിട്ടുണ്ട്'' ഒരിക്കൽ അദ്ദേഹം പറഞ്ഞു

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും നവോത്ഥാന പ്രവർത്തനങ്ങളെയും 25 അദ്ധ്യായങ്ങളിലായാണ് കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. തിരുക്കുറലും ചിലപ്പതികാരവും തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും രമേശൻ നായരാണ്.