തിരുവനന്തപുരം: മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ ചോര വാർന്ന് മരിച്ചു. വട്ടിയൂർക്കാവ് കുലശേഖരം പനയറ കലാഗ്രാമം സ്വദേശി സതീഷ് കുമാറാണ് (46)​ മരിച്ചത്. വ്യാഴം വൈകിട്ട് 6.30ഓടെ ആയിരുന്നു സംഭവം. കേസിൽ കലാഗ്രാമം സ്വദേശികളായ ശരത്, സജീവ് എന്നിവർ വട്ടിയൂർക്കാവ് പൊലീസിൽ കീഴടങ്ങി. മൂന്നാമൻ ജയൻ ഒളിവിലാണ്. ആണി തറച്ച തടി ഉപയോഗിച്ചായിരുന്നു ആക്രമണം. പൊലീസ് പറയുന്നത്: വീടിന് സമീപം മദ്യലഹരിയിൽ നിന്ന സതീഷും പ്രതികളും തമ്മിൽ ബന്ധുവായ സ്ത്രീയുടെ പേരിൽ തർക്കമുണ്ടായി. അടിപിടിയായതോടെ പ്രതികൾ പലക കൊണ്ട് സതീഷിനെ മർദ്ദിച്ചു. വെരിക്കോസ് രോഗിയായ സതീഷിന്റെ കാലിൽ ഗുരുതര പരിക്കേറ്റ് ഞരമ്പ് പൊട്ടിയതോടെ രക്തം വാർന്ന് ഇയാളുടെ ബോധം നഷ്ടമായി. ഇതോടെ പ്രതികൾ കടന്നുകളയുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് പൊലീസ് എത്തിയത്. പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്കൽചൂള കോളനി സ്വദേശിയായ സതീഷ് കലാഗ്രമാത്തിന് സമീപം ഷീറ്റ് മേഞ്ഞ ഷെഡിൽ തനിച്ചായിരുന്നു താമസം. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു .