book

കിളിമാനൂർ: വായനാ ദിനത്തോടനുബന്ധിച്ച് കൊവിഡ് സെന്ററിൽ പുസ്തകങ്ങൾ എത്തിച്ച് അദ്ധ്യാപക കൂട്ടായ്മ. നഗരൂർ പഞ്ചായത്തിൽ കൊവിഡ് സെന്ററായി പ്രവർത്തിക്കുന്ന നെടുംപറമ്പ് ഗവ. എച്ച്.എസ്.എസിൽ ക്വാറന്റെയ്‌നിൽ കഴിയുന്നവർക്കാണ് പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനുള്ള അവസരം ഒരുക്കിയത്.

കിളിമാനൂരിലെ അദ്ധ്യാപകരുടെ കൂട്ടായ്മയായ 'സ്ലേറ്റും പെൻസിലും, മധുര വായന എന്ന പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങൾ എത്തിച്ചത്. എം.എൽ.എ ഒ.എസ്. അംബിക പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മധുരവായനയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് സെന്ററിലെ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സാമ്പത്തിക സഹായത്തിന് പുറമെ മാസ്കുകൾ, ഓക്സിമീറ്ററുകൾ തുടങ്ങിയവ സംഭാവനയായി നൽകി. നഗരൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, വാർഡ് മെമ്പർമാരായ ആർ.എസ്. രേവതി , അനോബ് ആനന്ദ് എന്നിവർ ആശംസ പറഞ്ഞു. സ്ലേറ്റും പെൻസിലും കൺവീനർ പി.എസ്. പ്രേംജിത് സ്വാഗതവും കൊവിഡ് സെന്റർ വോളന്റിയർ രജിത് നന്ദിയും പറഞ്ഞു.