bus

കാഞ്ഞങ്ങാട്: കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച ഗുരുതരമായ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം. തങ്ങളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആദ്യ ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യതകൾ പല ഉടമകൾക്കും ഇതുവരെ തീർന്നിട്ടില്ല. അതിനിടയിലേക്കാണ് കൊവിഡിന്റെ രണ്ടാംവരവ്. ഒരുപാട് ദിവസം ഓട്ടമില്ലാതെ കയറ്റിവെച്ച ബസുകൾ വീണ്ടും നിരത്തിലിറക്കാൻ ഭീമമായ തുക ചെലവഴിക്കണം. ഇന്ധന നിരക്കാണെങ്കിൽ 60ൽ നിന്നും 100രൂപയ്ക്കടുത്ത് കുതിച്ചുയർന്നു. യാത്രക്കാരുടെ എണ്ണം സാമൂഹിക അകലം കാരണം കുറയ്ക്കുകയും വേണം. നിലവിലെ സ്ഥിതിയിൽ ഓട്ടം തുടങ്ങിയാൽ ചിലവ് കാശ് പോലും കിട്ടില്ല. നികുതിയിനത്തിൽ ഇളവ് ഇല്ലാതെ ബസ് വ്യവസായം ഇനിയും മുന്നോട്ടു പോകില്ല എന്നും , ഇന്ധനത്തിന് സബ്സിഡി അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

ജീവനക്കാർക്ക് ക്ഷേമനിധി അനുവദിക്കുന്നതിന് വേണ്ടി ബസുടമകൾ അടച്ച തുകയിൽ 8000 കോടിയോളം രൂപ കെട്ടിക്കിടക്കുന്നുണ്ട്. ബസ് ജീവനക്കാർ കൃത്യമായ രേഖകൾ ഹാജരാക്കാത്തത് കൊണ്ടാണ് ഇത്രയും ഭീമമായ തുക അവിടെ കെട്ടികിടക്കുന്നതെന്നും ഇതിൽ നിന്ന് ഒരു 5000 രൂപയെങ്കിലും നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നൽകണമെന്നും, ഒപ്പം ബസുകൾക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്നും അടുത്ത വർഷത്തേക്ക് റോഡ് ടാക്സും ക്ഷേമനിധി തുകയും പൂർണമായും ഒഴിവാക്കി തരണമെന്നും ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കൊവിഡ് വാക്സിൻ നൽകുന്ന കാര്യത്തിലും സ്വകാര്യ ബസ് മേഖലയെ പാടേ അവഗണിച്ചുവെന്നും സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. വാക്സിൻ വേഗം നൽകാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും സ്വകാര്യ ബസ് മേഖലയോട് ഇനിയും അവഗണന തന്നെയാണ് തുടരുന്നതെങ്കിൽ ഇങ്ങനെയൊരു വ്യവസായ മേഖല തന്നെ എന്നെന്നേക്കുമായി പൂർണ്ണമായും അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.