പാലോട്: കൊവിഡിൽ നിശ്ചലമായ കെട്ടിട നിർമ്മാണമേഖലയ്ക്ക് ഇരുട്ടടിയായി നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലകയറ്റം. സിമന്റിനും കമ്പിക്കും മറ്റ് ഉത്പന്നങ്ങൾക്കുമുണ്ടായ വിലവർദ്ധന കാരണം നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിലച്ചമട്ടാണ്. രണ്ടു മാസം മുൻപ് 360നും 390നും ഇടയിൽ വിലയുണ്ടായിരുന്ന സിമന്റിന് ഇപ്പോൾ 510 രൂപയോളമാണ് വില. കമ്പിക്കും സാനിട്ടറി ഉത്പന്നങ്ങൾക്കും മറ്റ് അസംസ്കൃത വസ്തുക്കൾക്കും വില രണ്ടിരട്ടിയോളമായി. കൊവിഡ് നിയന്ത്രണങ്ങളിൽ പാറയും മണലും കിട്ടാനില്ലെങ്കിലും നിർമ്മാണമേഖല വലിയ തടസമില്ലാതെ മുന്നോട്ട് പോകുന്നുണ്ടായിരുന്നു. ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ഇനിയും വിലവർദ്ധന ഉണ്ടാകുമെന്ന ഭയത്തിലാണ് തൊഴിലാളികളും കരാറുകാരും. സ്ക്വയർ ഫീറ്റനുസരിച്ച് തുക നിശ്‌ചയിച്ച് കരാറെടുത്തതിനാൽ സാധന സാമഗ്രികളുടെ വില കൂടി എന്നുപറഞ്ഞ് അധികതുക വാങ്ങാൻ കഴിയാത്ത നിലയിലാണിവർ. സർക്കാർ ഭവന പദ്ധതികളിൽ വീട് ലഭിച്ചവർ പലരും നിർമ്മാണം കോൺട്രാക്ടർമാർക്കാണ് കരാർ നൽകിയത്. വില ഇനിയും വർദ്ധിച്ചാൽ എല്ലാം തകിടം മറിയുമെന്നതിനാൽ നിർമ്മാണമേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാരിന്റെ അടിയന്തര ഇടപെടലാണ് ഇവരുടെ ആവശ്യം.