തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബഡ്‌ജറ്റ് സമ്മേളനം ജൂലായ് 12 മുതൽ ആഗസ്റ്റ് 13 വരെ ചേരാൻ ആലോചിക്കുന്നു. വകുപ്പു തിരിച്ചുള്ള ചർച്ച നടത്തി സമ്പൂർണ ബഡ്‌ജറ്റ് പാസാക്കാൻ മാത്രം 15 ദിവസം വേണം. അതിനാലാണ് ഒരു മാസം സമ്മേളനം നീളുന്നത്. അപ്പോഴേക്കും കൊവിഡ് വ്യാപനം കുറയുമെന്നാണ് കണക്കുകൂട്ടൽ. കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ വരാനും സാദ്ധ്യതയുണ്ട്.
പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനമായിരിക്കും ഇത്. ആഗസ്റ്റിൽ ഒരു മാസം നീളുന്ന സമ്മേളനം ആലോചിച്ചിരുന്നു. ഓണം അവധി വരുമെന്നതിനാൽ സെപ്റ്റംബറിലേക്കും സമ്മേളനം നീട്ടേണ്ടി വരും. സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നത് വൈകുന്നത് വാർഷികപദ്ധതി നിർവ്വഹണത്തെയും ബാധിക്കാമെന്നതിനാലാണ് നേരത്തേ ചേരുന്നത്.
സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ അടുത്തയാഴ്ചയോ അതിനടുത്ത ആഴ്ചയോ മന്ത്രിസഭായോഗം തീരുമാനിച്ചേക്കും. ധനകാര്യവുമായി ബന്ധപ്പെട്ട സബ്‌ജക്‌ട് കമ്മിറ്റി യോഗങ്ങൾ ജൂലായ് അഞ്ചിന് പൂർത്തിയാകും.
സമ്മേളനത്തിൽ ചില ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും പരിഗണിച്ചേക്കും. പുതിയ അംഗങ്ങുടെ പരിശീലനം ഈ മാസം 24, 25, 26 തീയതികളിൽ നടക്കും.