കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ വൈദ്യുതി ഓവർസിയർ ഓഫീസ് പുനഃസ്ഥാപിക്കാത്തതിനാൽ ഉപഭോക്താക്കൾ ദുരിതത്തിൽ. 1996ൽ അന്നത്തെ എം.എൽ.എ ആനത്തലവട്ടം ആനന്ദന്റെ ശ്രമഫലമായാണ് അഞ്ചുതെങ്ങിൽ കെ.എസ്.ഇ.ബിയുടെ ഓവർസിയർ ഓഫീസ് സ്ഥാപിച്ചത്. അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന ഓഫീസിൽ വൈദ്യുത ചാർജ് അടയ്ക്കാനുള്ള സൗകര്യം ലഭിച്ചിരുന്നു.
ഈ ഓഫീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. തീരദേശമായതിനാൽ കടലാക്രമണത്തിൽ പോസ്റ്റുകൾ തകരുകയും മിക്കതും ദ്രവിച്ച് കേടുവരികയും ചെയ്തു.
പോസ്റ്റുകൾ പലപ്പോഴും കടപുഴകിയ അവസ്ഥയാണ്. ഇതുകൂടാതെയുണ്ടാകുന്ന വൈദ്യുത തടസങ്ങൾ പരിഹരിക്കുന്നതിനും കാലതാമസമുണ്ട്. ആവശ്യമായ ജീവനക്കാരുടെ കുറവും പ്രശ്നമാണ്.
കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിൽ ലൈൻമാൻമാരുടെയും ഓവർസിയറുടെയും ഒഴിവുകൾ നിലവിലുണ്ട്. ഇതുമൂലം പലപ്പോഴും ജീവനക്കാർക്ക് കൃത്യമായ ഇടപെടലുകൾ നടത്താനും സാധിക്കുന്നില്ല.
നിലവിലെ സ്ഥിതി
നിലവിൽ വൈദ്യുത ചാർജ് അടയ്ക്കാനായി കടക്കാവൂർ ഓഫീസിൽ പോകേണ്ട അവസ്ഥയാണ്. ഈ ലോക്ക്ഡൗൺ കാലത്ത് കടയ്ക്കാവൂർ എത്താൻ കഴിയാത്ത അവസ്ഥയുമാണ്. ഇത് പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കടയ്ക്കാവൂർ ഓഫീസിൽ ഇത് കൂടുതൽ തിരക്ക് സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓവർസിയർ ഓഫീസ് പുനഃസ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
2013 ൽ പ്രവർത്തനം അവസാനിപ്പിച്ചു
പരിധി - പെരുമാതുറ മുതൽ അഞ്ചുതെങ്ങ് നെടുങ്ങണ്ട വരെ
നിലവിൽ 6,000 കൺസ്യൂമർമാർ
അഞ്ചുതെങ്ങിൽ ഓവർസിയർ ഓഫീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
പ്രവീൺചന്ദ്ര,
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്