30 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയുടെ 40ാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ ഇപ്പോഴത്തെ റഷ്യൻ പ്രസിഡന്റായ വ്ലാഡിമിർ പുടിനെ ആക്സ്മികമായി കണ്ടുമുട്ടിയിരുന്നോ ? വൈറ്റ് ഹൗസ് മുൻ ഫോട്ടോഗ്രാഫർ ആയിരുന്ന പീറ്റ് സൂസ ജനീവയിൽ നടന്ന പുടിൻ - ബൈഡൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും കുറിപ്പുമാണ് ഇങ്ങനെയൊരു ചോദ്യത്തിന് പിന്നിൽ.
1988ൽ അന്നത്തെ സോവിയറ്റ് നേതാവായിരുന്ന മിഖായേൽ ഗോർബച്ചേവിനൊപ്പം മോസ്കോയിലെ റെഡ് സ്‌ക്വയർ സന്ദർശനത്തിനിടെ ഒരു ബാലന് ഹസ്‌തദാനം നൽകുന്ന റീഗനെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ, ആ ബാലന് പിന്നിലായി ഒരു ടൂറിസ്റ്റിനെ പോലെ തോന്നിക്കുന്ന ബ്ലോണ്ട് നിറത്തിലെ തലമുടിയോട് കൂടിയ ഒരാളെ കാണാം. അയാളുടെ കഴുത്തിൽ ഒരു കാമറയും കാണാം. ഈ അജ്ഞാത മനുഷ്യന് വ്ലാഡിമിർ പുടിനുമായി അസാമാന്യ സാമ്യമുള്ളതായി കാണാം. ഇയാൾ ഒരു പക്ഷേ, ശരിക്കും പുടിൻ തന്നെയായിരുന്നോ എന്നാണ് സൂസ സംശയം ഉന്നയിക്കുന്നത്.
1983 മുതൽ റൊണാൾഡ് റീഗൻ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നത് വരെ വൈറ്റ് ഹൗസിലെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്നു സൂസ. 1993ൽ ' അൺഗാർഡഡ് മോമന്റ്സ് " എന്ന പേരിൽ റൊണാൾഡ് റീഗന്റെ പ്രസിഡൻഷ്യൽ കാലയളവിലെ ഫോട്ടോകൾ ചേർത്ത് ഒരു പുസ്തകം സൂസ പുറത്തിറക്കിയിരുന്നു. ആ പുസ്തകത്തിലും റീഗന്റെ റഷ്യൻ സന്ദർശനത്തിൽ നിന്നുള്ള ഈ ഫോട്ടോ സൂസ ഉൾപ്പെടുത്തിയിരുന്നു.
പുസ്തകം പുറത്തിറങ്ങി ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം സൂസയ്ക്ക് ഒരു കത്ത് ലഭിക്കുകയുണ്ടായി. റീഗന്റെയും വ്ലാഡിമിർ പുടിന്റെയും ഫോട്ടോ താൻ പകർത്തിയെന്ന കാര്യം തനിക്ക് അറിയാമായിരുന്നോ എന്നാണ് ആ കത്തെഴുതിയ ആൾ ചോദിച്ചതെന്ന് സൂസ പറയുന്നു. കത്ത് വായിച്ച സൂസ ആദ്യമൊന്ന് അമ്പരന്നു.
തുടർന്ന് കാലിഫോർണിയയിലെ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറി, ജോർജ് ബുഷ് ഭരണകൂടത്തിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഓഫീസ് എന്നിവിടങ്ങളുമായി സൂസ ബന്ധപ്പെട്ടു. ഫോട്ടോയിൽ പുടിനുമായി സാമ്യമുള്ള ആ ടൂറിസ്റ്റ് ആരാണെന്ന് അറിയാനുള്ള ശ്രമമായിരുന്നു അത്. എന്നാൽ അത് നടന്നില്ല.
മുമ്പ് സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായിരുന്ന കെ.ജി.ബിയുടെ ഏജന്റായിരുന്ന വ്ലാഡിമിർ പുടിൻ 1980കളുടെ അവസാനം കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്‌ഡെൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. റീഗന്റെ സന്ദർശന വേളയിൽ ആവശ്യത്തിലേറെ കെ.ജി.ബി ഏജന്റുമാർ മോസ്കോയിലുണ്ടായിരുന്നു. ഫോട്ടോയിലുള്ളത് പുടിൻ ആണെങ്കിൽ തന്നെ എന്തുകൊണ്ടാണ് അദ്ദേഹം അവിടെയെത്തിയതെന്ന് വ്യക്തമല്ല. എന്നാൽ, ഫോട്ടോയിൽ പുടിൻ ആകാനിടയില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
റീഗനെ കൂടാതെ ബറാക് ഒബാമയുടെ ഭരണകാലത്ത് 2009 മുതൽ 2017 വരെ വൈറ്റ് ഹൗസ് ചീഫ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട് പീറ്റ് സൂസ. ഏതായാലും വർഷങ്ങൾക്ക് മുമ്പ് പകർത്തിയ ഫോട്ടോയിലുള്ളത് പുടിൻ തന്നെയാണോ എന്ന് സൂസയ്ക്ക് അറിയില്ലെങ്കിലും 2009ൽ ഒബാമയുടെ റഷ്യൻ സന്ദർശനത്തിനിടെ ശരിക്കും പുടിന്റെ ചിത്രം പകർത്താൻ സൂസയ്ക്ക് അവസരം ലഭിച്ചിരുന്നു.