വിഴിഞ്ഞം: ഓൺലൈൺ പഠനം മുടങ്ങിയ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ ബിരിയാണി ഫെസ്റ്റും 20 രൂപ ചലഞ്ചും ആക്രി ശേഖരണവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ ഡി.വൈ.എഫ്.ഐ നന്നംകുഴി യൂണിറ്റാണ് സഹപാഠി എന്ന പേരിൽ പദ്ധതി ആരംഭിച്ച് ഗ്രാമപഞ്ചായത്തിലെ 10 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകുന്നത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ വീടുകളിൽ നിന്ന് പത്രക്കെട്ടുകൾ ഉൾപ്പെടെയുള്ള ആക്രിസാധനങ്ങൾ ശേഖരിച്ചും ഡി.വൈ.എഫ്.ഐ നന്നംകുഴി യൂണിറ്റിലെ പ്രവർത്തകരുടെ ഒരു ദിവസത്തെ ശമ്പളം മാറ്റിവച്ചും ഫോണുകൾ വാങ്ങാനുള്ള പണം കണ്ടെത്തുന്നതിനോടൊപ്പം 20 രൂപ ചലഞ്ചും സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫോൺ മുഖാന്തരമാണ് ബിരിയാണിക്കുള്ള ഓർഡറുകൾ പ്രവർത്തകർ ശേഖരിച്ചത്. ആവശ്യാനുസരണം ബിരിയാണി വീടുകളിൽ എത്തിച്ചുനൽകി. 500 പേർക്കുള്ള ബിരിയാണിയാണ് വിൽക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും 600 ഓർഡറുകൾ ലഭിച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന പണം മൊബൈലുകൾ വാങ്ങി നൽകുമെന്നും വീട്ടിൽ സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികളെ കണ്ടെത്തിയാണ് സ്മാർട്ട് ഫോണുകൾ നൽകുന്നതെന്നും സി.പി.എം ആട്ടറമൂല ബ്രാഞ്ച് സെക്രട്ടറി അനുരാജ് പറഞ്ഞു. മന്നോട്ടുകൊണം വാർഡ് മെമ്പർ വി.ടി ബീന ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകരായ വീട്ടമ്മമാരാണ് ബിരിയാണിപ്പൊതികൾ തയ്യാറാക്കിയത്.