വെള്ളറട: വെള്ളറട സർക്കാർ ആശുപത്രിയിൽ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചനായോഗം ചേർന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പത്ത് ഐസൊലേഷൻ കിടക്കകൾ ഉൾപ്പെടെയുള്ള വികസനമാണ് നടപ്പിലാക്കുന്നത്. ശിശു രോഗ വിഭാഗം, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡയാലിസിസ് യൂണിറ്റ്, എന്നിവ ആരംഭിക്കാനാണ് തീരുമാനം. ഇതോടൊപ്പം ഓക്സിജൻ ബെഡുകൾ, ലബോറട്ടറി ഉപകരണങ്ങൾ എന്നിവയും ലഭ്യമാക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, ബ്ളോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. താണുപിള്ള, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഡി.കെ. ശശി, എസ്.ആർ. അശോക്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.