നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ വെർച്വൽ വായനോത്സവം തുടങ്ങി. നഗരസഭാ ചെയർമാൻ പി.കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. എം.ജോൺ ബോയ് അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. എം.എ.സാദത്ത്, ഹെഡ്മിസ്ട്രസ് ഷീബ ഹെലൻ എന്നിവർ പങ്കെടുത്തു. ജൂൺ 27 വരെ ഗൂഗിൾ മീറ്റിൽ എല്ലാ ദിവസവും മൂന്ന് മണിക്കാണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രസംഗകലയുടെ രസതന്ത്രം എന്ന വിഷയത്തിൽ ഡോ. എം.എ.സിദ്ദീഖും കവിത വായനയും ആസ്വാദനവും എന്ന വിഷയത്തിൽ വിനോദ് വൈശാഖിയും ഇംഗ്ലീഷ് ഭാഷാ സാഹിത്യ സമീപനത്തെക്കുറിച്ച് വി.എൽ.നിഷയും കുട്ടിപ്പാട്ടുകളെക്കുറിച്ച് എൻ.എസ്.സുമേഷ്‌കൃഷ്ണനും സമൂഹ മാദ്ധ്യമങ്ങളിലെ എഴുത്ത്, വായന എന്ന വിഷയത്തിൽ ഗിരീഷ് പരുത്തിമഠവും മലയാള ഭാഷയും സംസ്കാരവും എന്ന വിഷയത്തിൽ ഡോ.ബിജു ബാലകൃഷ്ണനും കുട്ടികളോട് സംവദിക്കും. നഗരസഭാ പരിധിയിലെ 24 വിദ്യാലയങ്ങളിലെ 2100 കുട്ടികൾ നേരിട്ടും അയ്യായിരത്തിലേറെ കുട്ടികൾ ഫേസ്ബുക്ക് പേജിലൂടെയും വായനോത്സവത്തിൽ പങ്കാളികളാവും. പരിപാടിയെക്കുറിച്ച് മികച്ച കത്തെഴുതുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 27 ന് നടക്കുന്ന സമാപന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.