ed

വർക്കല: വർക്കല നഗരസഭയിലെ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാലുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസപുരം ലക്ഷംവീട്ടിൽ ഷെമീർ ( 29), രഘുനാഥപുരം ചരുവിള വീട്ടിൽ അൽറബീൻ (28), ശ്രീനിവാസപുരം ലക്ഷംവീട്ടിൽ സുനിൽ (48), ശ്രീനിവാസപുരം ഹൈഫ മൻസിലിൽ മുഹമ്മദ് നൗഫൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 16ന് വൈകിട്ട് 4.30 ഓടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മന്നാനിയ ലക്ഷംവീട് കോളനിക്ക് സമീപം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുന്നതിനായി എത്തിയപ്പോഴാണ് നഗരസഭാ ജീവനക്കാർക്ക് മ‌ർദ്ദനമേറ്റത്.

നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് നഗരസഭാ വാഹനത്തിൽ ഡ്രൈവർ അരുണിനൊപ്പം എത്തിയപ്പോഴാണ് സംഘം ചേർന്ന് ഇരുവരെ മർദ്ദിച്ചതും വാഹനത്തിന് കേടുപാടുകൾ വരുത്തിയതും. വർക്കല ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, സി.ഐ ദ്വിജേഷ്, എസ്.ഐ സേതുനാഥ്, എ.എസ്.ഐ ജയപ്രസാദ് പൊലീസുകാരായ ഷംസുദ്ദീൻ, വിപിൻ, വിനോദ്, ഇർഷാദ്, സുധീർ, ഷിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.