തിരുവനന്തപുരം: പെട്രോളിയം വില വർദ്ധനവിനെതിരെ നാളെ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരം വിജയിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
എ. വിജയരാഘവൻ അഭ്യർത്ഥിച്ചു. ഇന്ധന വില ദിനം പ്രതി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത്
മോദി സർക്കാർ തുടരുകയാണ്. അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വില ഇടിയുമ്പോഴും ഇന്ത്യയിൽ മാത്രം പെട്രോളിയം ഉല്പന്നങ്ങൾക്ക് വില കുതിക്കുന്നത് കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടികളിലൊന്നാണ്. ജനങ്ങൾക്ക് നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് 2014 മുതൽ അധികാരത്തിൽ തുടരുന്ന സർക്കാരിന്റെ കപടമുഖങ്ങളാണ് പ്രകടമാകുന്നത്.
സംസ്ഥാനത്തെ പെട്രോൾ- ഡീസൽ വില നൂറു രൂപയിലെത്തി നിൽക്കുന്നു. ഇതോടെ പൊതു, സ്വകാര്യ ട്രാൻസ്‌പോർട്ട് മേഖലയാകെ ദുരിതത്തിലായി. ഇന്ധനവില വർദ്ധന ശരാശരി കുടുബ ബഡ്ജറ്റിനെപോലും ബാധിച്ച് തുടങ്ങി. എന്നിട്ടും അധിക നികുതി വരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കാൻ കേന്ദ്രം തയാറാകുന്നില്ല. കേന്ദ്ര നികുതി കുറച്ചാൽ സ്വാഭാവികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാൽ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും വിജയരാഘവൻ പ്രസ്താവിച്ചു.