കാട്ടാക്കട: ജില്ലാ പഞ്ചായത്തംഗവും വെള്ളനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ വെള്ളനാട് ശശിക്ക് നേരെ ഗുണ്ടാ ആക്രമണം. മുഖത്ത് പരിക്കേറ്റ ശശി വെള്ളനാട് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കോട്ടവിളയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

മാസങ്ങൾക്ക് മുൻപ് വിരമിച്ച എസ്.ഐയും ആര്യനാട് ശ്യാമിന്റെ നേതൃത്വത്തിൽ കുറച്ച് പേരും ചേർന്ന് കോട്ടവിളയിൽ ഇരുന്ന് മദ്യപിച്ചതായി പൊലീസ് പറഞ്ഞു. മദ്യലഹരിക്കിടെ റിട്ട. എസ്.ഐക്ക് പരിക്കേറ്റു. എസ്.ഐയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വീട്ടിലേക്ക് പോകാനായി ശശി ഇവിടെ എത്തുന്നത്. എസ്.ഐയെ ആശുപത്രിയിൽ കൊണ്ടുപോകാനായി റോഡിൽ നിന്ന് കാർ മാറ്റിയിടാൻ ഒപ്പമുണ്ടായിരുന്നവർ ശശിയോട് ആവശ്യപ്പെട്ടു. തുടർന്ന് ശശി കാർ മാറ്റുകയും എസ്.ഐയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഇതിനിടെയാണ് മദ്യപാനസംഘത്തിലെ കൂടുതൽ പേർ ഇവിടെ എത്തുന്നത്. ഇവരെ കണ്ട് ശശി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഇതിനിടെയാണ് ആര്യനാട് ശ്യാമിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ തന്നെ ആക്രമിച്ചതായി ശശി പറഞ്ഞു. ശശിയെ ആക്രമിച്ച കേസിൽ ശ്യാമിനെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും കേസെടുത്തതായി ആര്യനാട് എസ്.ഐ ബി. രമേശൻ അറിയിച്ചു.