തിരുവനന്തപുരം: മണക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൊവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 25 കുട്ടികൾക്ക് സ്‌മാർട്ട് ടാബും 5 കോളനികളിൽ തുടങ്ങുന്ന ഡിജിറ്റൽ ക്ലാസ് റൂമിലേക്കായി സ്‌മാർട്ട് ടിവിയും നൽകി. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. മണക്കാട് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ വി കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി.
സിനിമാ താരം സുധീർ കരമനയും കുന്നിൽ ഗ്രൂപ്പ് ചെയർമാൻ നാസിമുദീനും മുഖ്യാതിഥികളായി. പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ നാസിമുദീനും ആക്സോ എൻജിനിയേഴ്സ് മാനേജിംഗ് ഡയറക്ടർ നസീബ് എന്നിവരാണ് ടി.വിയും ടാബും സ്‌പോൺസർ ചെയ്‌തത്. ശ്രീവരാഹം വാർഡ് കൗൺസിലർ വിജയകുമാർ, മണക്കാട് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഇൻ ചാർജ് സുമ ജി.എസ്, ആക്സോ എൻജിനീയേഴ്സ് എം.ഡി നസീബ് എന്നിവർ സംസാരിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി അൽത്താഫ് റഊഫ്, ലൈറ്റ് ഓഫ് ഹോപ്പ് എക്‌സിക്യുട്ടീവ് മെമ്പർ അൽ മയൂഫ്, ട്രസ്റ്റ് രക്ഷാധികാരി ഷാജി അട്ടക്കുളങ്ങര എന്നിവർ സംബന്ധിച്ചു.