കോവളം: തിരുവല്ലം ഇടയാറിൽ വൻ കഞ്ചാവ് വേട്ട. ഇടയാറിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് മൂന്നര കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാസ്ക് ധരിക്കാതെ കാറിലെത്തിയ രണ്ടംഗ സംഘം പൊലീസ് പിടികൂടിയപ്പോൾ തട്ടിക്കയറിയതാണ് തുടർന്നുള്ള ചോദ്യംചെയ്യലിൽ കഞ്ചാവ് വേട്ടയിലേക്ക് നയിച്ചത്. നേമം പൂഴിക്കുന്ന് സ്വദേശി ആൻസലൻ (24), വേട്ടമുക്ക് സ്വദേശി കൃഷ്ണകാന്ത് (24) എന്നിവരാണ് പിടിയിലായത്. ഇന്നലെ തിരുവല്ലത്തിനടുത്ത് പൂങ്കുളത്ത് തിരുവല്ലം പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് മാസ്ക് ധരിക്കാതെ ഇരുവരും കാറിലെത്തിയത്.

മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്ത തിരുവല്ലം പൊലീസിനോട് ഇവർ തട്ടിക്കയറി. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് പിടിയിലായവർ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടയാറിൽ സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ തുടർനടപടിക്കായി പൂന്തുറ പൊലീസിന് കൈമാറിയതായി തിരുവല്ലം പൊലീസ് പറഞ്ഞു.