കല്ലമ്പലം: പള്ളിക്കലിൽ വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ കദളിപ്പച്ച അനന്തു മന്ദിരത്തിൽ മുരുകൻ (36) ആണ് അറസ്റ്റിലായത്. ഭാര്യാമാതാവിന്റെ സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മുരുകൻ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കൾ തന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയം മുരുകൻ ഭാര്യയെ മർദ്ദിക്കുന്നത് വീട്ടിലുണ്ടായിരുന്ന ഭാര്യാമാതാവിന്റെ സഹോദരി തടഞ്ഞു. ഇതിൽ കുപിതനായ മുരുകൻ സമീപത്ത് ഉണ്ടായിരുന്ന വിറകുകൊള്ളിയെടുത്ത് അവരുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ‍് എസ്.ഐമാരായ അജയകുമാർ, സുരേഷ് കുമാർ, സീനിയർ സി.പി.ഒ സുജിത്, ബിജുമോൻ, ബിനു, ഹോംഗാർഡ്മാരായ ജയഭദ്രൻ, ശിവശങ്കരൻ, റഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.