photo

പാലോട്: ജില്ലയിൽ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ച പഞ്ചായത്തുകളിൽ ഒന്നായ നന്ദിയോട്ട് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കടകളിലും പൊതുനിരത്തുകളിലും ജനങ്ങൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെയാണ് പഞ്ചായത്തിലെ വാർഡുകളിൽ രോഗികളുടെ എണ്ണം കൂടിയത്. നന്ദിയോടിന് ആശങ്കയായിട്ടുള്ളത് പാലോട് പ്രവർത്തിക്കുന്ന ബെവ് കോ ഔട്ട് ലറ്റ് ആണ്. നന്ദിയോടിന്റെ സമീപ പഞ്ചായത്തുകളായ പാങ്ങോട്, പെരിങ്ങമ്മല ,ആനാട്, തൊളിക്കോട്, വിതുര, പനവൂർ എന്നീ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ശക്തമായി തുടരുകയാണ്. പനവൂർ പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാണ്. ഈ പഞ്ചായത്തുകളിൽ നിന്നും മദ്യം വാങ്ങാനെത്തുന്നവരെ കുറിച്ച് ആർക്കും ഒരറിവും ഇല്ലാത്തതാണ് വലിയ ആശങ്കയുണർത്തുന്നത്. പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും അഞ്ച് പഞ്ചായത്തുകളിൽ നിന്ന് ഉള്ളവരാണ് നിലവിൽ പാലോട് ഔട്ട് ലറ്റിൽ എത്തുന്നത്. ഇവരുടെ മറ്റ് വിവരങ്ങൾ അറിയാൻ കഴിയാത്തതും അധികാരികളെ കുഴക്കുന്നുണ്ട്. മടത്തറ, കല്ലറ, വിതുര എന്നിവിടങ്ങളിലെ ബെവ് കോ ഷോപ്പുകൾ അടച്ചിട്ടുള്ളതിനാലാണ് പാലോട് തിരക്ക് വർദ്ധിച്ചത്. പ്രദേശവാസികളുടെ ആശങ്ക അകറ്റാനും നിലവിൽ നന്ദിയോട് പഞ്ചായത്തിൽ നിയന്ത്രണത്തിലായ കൊവിഡ് രോഗബാധ അതുപോലെ നിലനിറുത്താനും സമീപ പഞ്ചായത്തുകളിലെ ബെവ് കോ ഔട്ട് ലറ്റ്കൾ തുറക്കുന്നതുവരെ പാലോട്ടെ ഔട്ട് ലറ്റ് അടച്ചിടാനുള്ള നടപടി നന്ദിയോട് പഞ്ചായത്ത് അധികാരികൾ സ്വീകരിക്കണമെന്നും ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീജിത്ത് പാലോട് ആവശ്യപ്പെട്ടു.