raj

കിളിമാനൂർ: അരുണാചൽ പ്രദേശിൽ ഇന്ത്യാ ചൈന അതിർത്തിയിലുള്ള തന്ത്ര പ്രധാന മേഖലയിൽ പാലം നിർമ്മാണത്തിന് മുന്നണിയിൽ പ്രവർത്തിച്ച പള്ളിയ്ക്കൽ സ്വദേശിയായ സൈനികനെ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് ആദരിച്ചു.

കരസേനയിൽ 20 വർഷമായി മെക്കാനിക്കൽ ട്രാൻസ്പോട്ടേഷൻ വിഭാഗത്തിൽ ഡൈവറായി സേവനം അനുഷ്ഠിക്കുന്ന ആറയിൽ അവന്തികാ ഭവനിൽ വിനോദ് കുമാറിനെയാണ് ആദരിച്ചത്.

വടക്കൻ, കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) നിർമ്മിച്ച 12 റോഡുകൾ രാജ്യത്തിന് സമർപ്പിച്ച വേളയിലായിരുന്നു മന്ത്രി ഉപഹാരം നൽകിയത്. അരുണാചൽ പ്രദേശിലെ കൊളറാംങ്ങ് ജില്ലയിൽ ഉറി, ദാമിൻ മലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 200 അടി നീളത്തിൽ നിർമ്മിച്ച പാലത്തിന്റെ നിർമ്മാണ സാമഗ്രികൾ ലോറിയിൽ കയറ്റി സാഹസികമായി ഡ്രൈവ് ചെയ്ത് നിർമ്മാണ പ്രദേശത്ത് എത്തിച്ചതിനാണ് ഇദ്ദേഹത്തെ ആദരിച്ചത്.

ഇരുന്നൂറിലധികം ലോഡുകളുള്ള സാധനസാമഗ്രികൾ ഹെലികോപ്റ്ററിൽ മലമുകളിൽ എത്തിച്ച ശേഷം അവിടെ നിന്ന് ദുർഘടമായ പാതയിലൂടെ ലോറികളിൽ നിർമ്മാണ സ്ഥലത്ത് എത്തിക്കുകയായിരുന്നു. മഹാരാഷ്ട്രാ സ്വദേശിയായ മറ്റൊരു ഡ്രൈവറും കൂടി വിനോദ് കുമാറിനൊപ്പമുണ്ടായിരുന്നു. അസാമിലെ ലഖിംപൂർ ജില്ലയിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ അസാം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമഖണ്ടു, കേന്ദ്ര യുവജനകാര്യ, കായിക, ന്യൂനപക്ഷകാര്യ, ആയുഷ് (ഇൻഡിപെൻഡന്റ് ചാർജ്) കിരൺ റിജിജു, പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്. സംസ്ഥാന മന്ത്രി പി.എം.ഒ ഡോ. ജിതേന്ദ്ര സിംഗ് എന്നീ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.