തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷയാകും. ചടങ്ങിൽ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ, ആയുർവേദ രംഗത്തെ കുലപതി ഡോ. പി.കെ. വാര്യരെ ആദരിക്കും.
കൊവിഡ് പശ്ചാത്തലത്തിൽ 'വീട്ടിൽ കഴിയാം യോഗയ്‌ക്കൊപ്പം' എന്നതാണ് ഈ വർഷത്തെ യോഗ ദിനാചരണ തീം. യോഗത്തോൺ, വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ യോഗ സെഷൻ, ആയുർയോഗ പദ്ധതി എന്നിവയാണ് പ്രധാന പരിപാടികൾ.
വിക്ടേഴ്സ് ചാനൽ വഴി ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 8.30നും രാത്രി ഒൻപതിനുമാണ് 'സ്‌പെഷ്യൽ യോഗ സെഷൻ ഫോർ സ്റ്റുഡന്റ്സ്' സംപ്രേഷണം. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആയുർയോഗ എന്ന പ്രത്യേക പദ്ധതിയും ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്നു.