വർക്കല: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ച വിദ്യാർത്ഥിനിക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ സ്മാർട്ട്ഫോൺ വീട്ടിലെത്തിച്ചു നൽകി. വർക്കല ഗവ. മോഡൽ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി മേൽവെട്ടൂർ അച്ചിക്കവിള വീട്ടിൽ അനന്യയ്ക്കാണ് മൊബൈൽ ഫോൺ നൽകിയത്. നിർദ്ധന കുടുംബത്തിലെ അംഗമായ അനന്യ മഴയത്ത് ചോരുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് താമസം. കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. അനന്യയുടെയും സഹോദരൻ പത്താം ക്ലാസുകാരനായ ആദർശിന്റെയും പഠനത്തിനുള്ള ബുദ്ധിമുട്ടുകളും ചോർന്നൊലിക്കുന്ന വീടിന്റെ അവസ്ഥയും കാട്ടി ഇവരുടെ കൂട്ടുകാർ കഴിഞ്ഞദിവസം വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബി.ആർ.എം. ഷഫീർ സ്മാർട്ട്ഫോണും വാങ്ങി സഹപ്രവർത്തകർക്കൊപ്പമാണ് അനന്യയുടെ വീട്ടിലെത്തിയത്. സ്മാർട്ട് ഫോണിന് പുറമേ പഠനോപകരണങ്ങളും എത്തിക്കുമെന്ന് അദ്ദേഹം കുട്ടികൾക്ക് ഉറപ്പുനൽകി. ചോർന്നൊലിക്കുന്ന വീടിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും ഷഫീർ അനന്യയ്ക്കും ആദർശിനും ഉറപ്പുനൽകി.
കോൺഗ്രസ് നേതാക്കളായ ബി. ധനപാലൻ, അഡ്വ. അസീം ഹുസൈൻ, എം.എൻ. റോയ്,
വെട്ടൂർ ബിനു, ധനീഷ് ഇടവ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുറുമി ഷൈൻ, വാർഡ് മെമ്പർ സോമരാജൻ സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.