mohanan-vaidyar

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മോഹനൻ വൈദ്യരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസ്വാഭാവിക മരണമായതിനാൽ ഇന്നലെ തന്നെ പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ മരണകാരണം അറിയാനാവൂ എന്ന് കരമന പൊലീസ് പറഞ്ഞു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തു. മൃതദേഹം സ്വദേശമായ ചേർത്തലയിൽ സംസ്കരിച്ചു. മോഹനൻ വൈദ്യർ എന്നറിയപ്പെട്ടിരുന്ന മോഹനൻ നായരെ (65) കാലടിയിലെ ബന്ധുവീട്ടിൽ ജൂൺ 19നാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് കാലടി വാർഡ് കൗൺസിലറാണ് ഏഴുമണിയോടെ മരണ വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസമായി മകൻ രാജീവിനോടൊപ്പം ബന്ധു വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ചികിത്സാരീതികളിലെ പ്രത്യേകത കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആളായിരുന്നു മോഹനൻ വൈദ്യർ.