കല്ലമ്പലം: മദ്ധ്യവയസ്കനെ മർദ്ദിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ മൂന്നുപേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒളവക്കോട് ചരുവിള പുത്തൻവീട്ടിൽ സുനിൽ (35), ഈരാറ്റിൽ ചരുവിളവീട്ടിൽ സിനിലാൽ (43), ഈരാറ്റിൽ വിനിതാ ഭവനിൽ വിനോദ് (36) എന്നിവരാണ് അറസ്റ്റിലായത്. പള്ളിക്കൽ ഈരാറ്റിൽ കോളനിയിൽ ചരുവിള വീട്ടിൽ രഘുവിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ സിനിലാൽ തന്റെ അമ്മായിയമ്മയെ മർദ്ദിച്ചത് രഘു തടഞ്ഞിരുന്നു. ഇതിലുള്ള വിരോധത്തിൽ ബന്ധുക്കളായ കൂട്ടുപ്രതികളെയും കൂട്ടി സിനിലാൽ രഘുവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ രഘുവിന്റെ ഒരുകണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. പള്ളിക്കൽ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ‍് എസ്.ഐമാരായ അജയകുമാർ, സുരേഷ് കുമാർ, സീനിയർ സി.പി.ഒ സുജിത്, ബിജുമോൻ, ബിനു, ഹോംഗാർഡുമാരായ ജയഭദ്രൻ, ശിവശങ്കരൻ, റഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.