തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിലെ ആയുർവേദ ബീച്ച് റിസോർട്ടിലെ സ്റ്റോർ റൂമിൽ നിന്ന് ടി.വിയും ഫാനുകളും പ്ളംബിംഗ് സാധനങ്ങളും മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. കോട്ടുകാൽ വണ്ടാഴം നിന്ന വീട്ടിൽ അനി (45) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞം ചൊവ്വരയിലെ മണൽതീരം ആയുർവേദ റിസോർട്ടിൽ കഴിഞ്ഞ 9 നാണ് മോഷണം നടന്നത്. കൊവിഡ് സാഹചര്യത്തിൽ ഗസ്റ്റുകൾ ഇല്ലാത്തതിനാൽ റൂമുകളിൽ നിന്ന് ഇളക്കി സ്റ്റോർ റൂമിൽ പൂട്ടി സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള എൽ.ഇ.ഡി ടിവിയും രണ്ടു ഫാനുകളും പ്ളംബിംഗ് സാധനങ്ങളും, സ്റ്റോർ റൂമിന്റ ജനൽക്കമ്പി മുറിച്ച് മാറ്റി അകത്ത് കടന്ന് മോഷ്ടിക്കുകയായിരുന്നു. സമീപപ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് കുടുങ്ങിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ രാജേഷ്, ഡിപിൻ സി.പി.ഒമാരായ ഷൈൻരാജ്, കൃഷ്ണകുമാർ, അജികുമാർ എന്നിവരങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.