തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് നൽകാറുള്ള പൈലറ്റും എസ്കോർട്ടും പിൻവലിച്ച നടപടി വിവാദമായതിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു യാത്ര പുറപ്പെട്ട മുരളീധരന് കഴക്കൂട്ടം മുതൽ പൊലീസ് സുരക്ഷ ഒരുക്കി. മുരളീധരൻ കേരളത്തിൽ എത്തുമ്പോഴൊക്കെ പൈലറ്റും എസ്‌കോർട്ടും സുരക്ഷാ ചുമതലക്കായി പേഴ്‌സണൽ സെക്യൂരിറ്റി ഓഫിസറെയും (പി.സി.ഒ) നിയോഗിക്കാറുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച്ച തിരുവനന്തപുരത്തെത്തിയ വി.മുരളിധരന് പൈലറ്റും എസ്‌കോട്ടും നൽകിയില്ല. പകരം ഗൺമാനെ മാത്രമാണ് അനുവദിച്ചത്. ഈനടപടിയിൽ പ്രതിഷേധിച്ച് ഗൺമാനെ മന്ത്രി വാഹനത്തിൽ നിന്ന് ഇറക്കിവിട്ടിരുന്നു.
എസ്കോർട്ട് ഒഴിവാക്കിയത്
വൈകാറ്റഗറി വി.ഐ.പിക്ക് ഭീഷണിയുണ്ടെങ്കിൽ മാത്രമാണ് പൈലറ്റും എസ്‌കോർട്ടും അനുവദിക്കാറുള്ളതെന്നും അല്ലെങ്കിൽ അത് ഉണ്ടാകാറില്ലെന്നും പൊലീസ് പറയുന്നു. അതിനാലാണ് ശനിയാഴ്ച്ച മന്ത്രിക്ക് എസ്‌കോർട്ട് ഒഴിവാക്കിയതെന്നും സുരക്ഷ പിൻവലിക്കാൻ സർക്കാർ തലത്തിൽ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
നടപടിക്രമം ഇങ്ങനെ
കേന്ദ്രമന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും സന്ദർശനവും പരിപാടികളുടെ വിവരങ്ങളും മന്ത്രിയുടെ ഓഫീസ് സംസ്ഥാന പ്രോട്ടാകോൾ വിഭാഗത്തെ അറിയിക്കുകയും അവർ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഒരുക്കുകയുമാണ് പതിവ്. വാഹനം ലഭ്യമാക്കുന്ന ചുമതല പ്രോട്ടാക്കോൾ വിഭാഗത്തിനും എസ്‌കോർട്ട് വാഹനങ്ങൾ അനുവദിക്കുന്നത് ജില്ലാ പൊലീസ് മേധാവിയോ സ്‌പെഷ്യൽ ബ്രാഞ്ചോ ആയരിക്കും.
ശനിയാഴ്ച സംഭവിച്ചത്
ശനിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വി. മുരളീധരന് എസ്‌കോർേട്ടാ പൈലറ്റോ ലഭ്യമാക്കിയില്ല. പിന്നീട് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പൊലീസ് അകമ്പടി വാഹനങ്ങൾ അനുവദിച്ചു. എന്നാൽ, മന്ത്രിയുടെ വാഹനം മുട്ടത്തറ കഴിയും വരെ മാത്രമാണ് പൊലീസ് അകമ്പടിയുണ്ടായിരുന്നത്. തങ്ങളുടെ സ്റ്റേഷൻ പരിധി കഴിഞ്ഞപ്പോൾ വലിയതുറ പൊലീസ് മടങ്ങിപ്പോയി. തുടർന്ന് കാര്യം തിരക്കിയ മന്ത്രി പൈലറ്റും എസ്‌കോട്ടും അനുവദിച്ചിട്ടില്ലെന്ന് മനസിലാക്കി.
വാഹനം ബേക്കറി ജംഗ്ക്ഷനിൽ എത്തിയപ്പോൾ എ.ആർ ക്യാമ്പിലുള്ള പൊലീസുകാരനോട് ഇറങ്ങിക്കൊള്ളാൻ നിർദ്ദേശിക്കുകയായിരുന്നു.