ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വികസനസമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എച്ച്.ഡി.എസ് ലാബിൽ പഴയ ഉപകരണങ്ങളിൽ പരിശോധന നടത്തി ഫലം നൽകുന്നതായി പരാതി. ആശുപത്രി വികസനസമിതി അംഗവും മുൻ കൗൺസിലറുമായ ജി.എസ്. ശ്രീകുമാറാണ് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വിജിലൻസ് എന്നിവർക്ക് പരാതി നൽകിയത്.
പുതിയ യന്ത്രങ്ങൾ കാലാവധി കഴിഞ്ഞതോടെ ഉപയോഗ ശൂന്യമായതായും പരാതിയിലുണ്ട്. അഞ്ചുവർഷത്തെ എഗ്രിമെന്റ് കാലാവധി 2011ൽ പൂർത്തിയാക്കിയ ഉപകരണങ്ങൾ ഇപ്പോഴും ഉപയോഗിക്കുകയാണ്, മൂന്ന് വർഷം മുമ്പ് കാലഹരണപ്പെട്ട ലബോറട്ടറി ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാനായി ടെൻഡർ വിളിച്ചെങ്കിലും അധികൃതർ ബോധപൂർവം നടപടികൾ വൈകിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.