പൂവാർ: മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കിൽ സിവിൽ സപ്ലൈസ് വഴി നൽകിവരുന്ന മണ്ണെണ്ണ വിതരണം താളം തെറ്റിയതോടെ മത്സ്യ ബന്ധനം പ്രതിസന്ധിയിൽ.
കഴിഞ്ഞ രണ്ട് മാസങ്ങളായി, മാസത്തിന്റെ തുടക്കത്തിൽ കിട്ടിയിരുന്ന മണ്ണെണ്ണ ഇപ്പോൾ അവസാനമാണ് ലഭിക്കുന്നത്. അതും 60 മുതൽ 80 ശതമാനം വരെ കുറച്ച്. 9.9 എഞ്ചിന് 128 ഉം 25 എഞ്ചിന് 180 ഉം ലിറ്റർ മണ്ണെണ്ണയാണ് പെർമിറ്റുള്ള ഒരാൾക്ക് ഒരു മാസത്തെ നിലവിലെ അലോട്ട്മെന്റ്. ഇപ്പോഴത് 77 ഉം 108 ഉം ലിറ്ററായി കുറഞ്ഞു. ഒരു ലിറ്ററിന് 41 രൂപയാണ് പെർമിറ്റ് വില.
കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയും, ദുരന്തനിവാരണ അതോറിട്ടിയുടെ നിരന്തര വിലക്കും, മത്സ്യ വരൾച്ചയും ഈ മേഖലയുടെ പ്രതിസന്ധി ഇരട്ടിയാക്കി. ട്രോളിംഗ് നിരോധനത്തെ തുടർന്ന് ആരംഭിക്കുന്ന സീസൺ കൊയ്ത്തിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകാനിരിക്കെ ഉണ്ടായ രൂക്ഷമായ ഇന്ധന ദൗർലഭ്യം നിരവധി തൊഴിലാളികളുടെ പണിമുടക്കായിരിക്കുകയാണ്.
9.9. എൻജിന് (കിട്ടേണ്ടത്)128 ലിറ്റർ...........(കിട്ടുന്നത്) 77ലിറ്റർ
25 എൻജിന് (കിട്ടേണ്ടത്) 180 ലിറ്റർ......(കിട്ടുന്നത്) 108 ലിറ്റർ
ഒരു ലിറ്ററിന് ....... 41 രൂപ
പ്രശ്നം സങ്കീർണ്ണം
ഒരു വള്ളത്തിൽ രണ്ട് എൻജിനുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ദിവസം ഒരു എൻജിന് ശരാശരി 25 മുതൽ 30 ലിറ്റർ മണ്ണെണ്ണ വേണം. രണ്ട് എഞ്ചിനും കൂടി 50 മുതൽ 60 ലിറ്റർ വേണം. കൂടാതെ 5 മുതൽ 10 ലിറ്റർ പെട്രോളും വേണ്ടിവരും. ഏറ്റവും കുറഞ്ഞത് ഒരു വള്ളത്തിൽ 25 ദിവസം തൊഴിലെടുക്കാൻ 1250 ലിറ്റർ മണ്ണെണ്ണയും 125 ലിറ്റർ പെട്രോളും വേണും. എന്നാൽ സർക്കാർ നൽകുന്നതോ ഒരു മാസം വെറും 77 ലിറ്റർ മണ്ണെണ്ണ മാത്രം. ബാക്കി വരുന്നതു മുഴുവൻ ഇരട്ടി വില നൽകി കരിഞ്ചന്തയിൽ നിന്നു വാങ്ങുകയാണ് പതിവെന്നും അവർ പറയുന്നു.
മണ്ണെണ്ണ പമ്പുകൾ ഇല്ല
മത്സ്യമേഖലയിൽ മണ്ണെണ്ണ പമ്പുകൾ കുറവാണ്. ആകെ വിഴിഞ്ഞത്ത് മാത്രം. അവിടെ വില കൂടിയ വെള്ള മണ്ണെണ്ണയാണ് കിട്ടുക. പൂവാർ, പള്ളം, അടിമലത്തുറ തുടങ്ങിയ മത്സ്യ ഗ്രാമങ്ങളിലുള്ളവർ അമരവിള - 1, നെയ്യാറ്റിൻകര - 2 എന്നീ പമ്പുകളിൽ നിന്നുമാണ് മണ്ണെണ്ണ പെർമിറ്റ് പെയോഗിച്ച് വാങ്ങേണ്ടത്. എന്നാൻ ചെറിയ അളവിലെ മണ്ണെണ്ണ വാങ്ങാൻ 20 കിലോമീറ്റർ സഞ്ചരിക്കണം. കൂടാതെ ആട്ടോ ചാർജ്ജും. അതിനെക്കാൾ ലാഭം കരിഞ്ചന്ത തന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് കഴിഞ്ഞ 5 വർഷമായി പുതിയ പെർമിറ്റ് ആർക്കും നൽകിയിട്ടില്ല. വർഷാ വർഷം നടത്തിയിരുന്ന എഞ്ചിൻ പരിശോധനയും നടക്കുന്നില്ല .
കേന്ദ്ര അലോട്ട്മെന്റിൽ കുറവ് സംഭവിച്ചതും മണ്ണെണ്ണയുടെ വരവിൽ കാലതാമസം നേരിട്ടതുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം
ബിന്ദു നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ
ഫോട്ടോ: നെയ്യാറ്റിൻകരയിലെ ഒരു മണ്ണെണ്ണ പമ്പ് .